21 October, 2026 12:04:15 PM
പാലക്കാട് കള്ളനെ പേടിച്ച് അലമാരയ്ക്ക് മുകളിൽ വെച്ച സ്വർണം മോഷണം പോയി

പാലക്കാട്: കളവ് പോകുമെന്ന് ഭയന്ന് വീട്ടിലെ അലമാരക്ക് മുകളിലുള്ള ചിത്രത്തിനു പിന്നിലായി ഒളിപ്പിച്ചുവെച്ച സ്വര്‍ണാഭരണങ്ങളും പണവും മോഷണം പോയി. പാലക്കാട് കപ്പൂരിലാണ് സംഭവം. കൊള്ളന്നൂര്‍ സ്വദേശി കൂവപ്പടി വീട്ടില്‍ ഹംസയുടെ വീട്ടില്‍ നിന്നാണ് ഏഴ് പവന് സ്വര്‍ണാഭരണങ്ങളും ആയിരം രൂപയും കവര്‍ന്നത്. അലമാര കുത്തിത്തുറന്ന് മോഷണം നടത്തുമെന്ന ഭയത്താലാണ് വീട്ടുകാര്‍ സ്വര്‍ണാഭരണങ്ങള്‍ ഉയരമുള്ള അലമാരയുടെ മുകളില്‍ വെച്ചിരുന്ന ചിത്രത്തിനു പിന്നില്‍ ഒളിപ്പിച്ചിരുന്നത്.
എന്നാല്‍, ഇത് കണ്ടെത്തിയ മോഷ്ടാവ് സ്വര്‍ണവും പണവും അപഹരിക്കുകയായിരുന്നു. ഹംസയും ഭാര്യയും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. ഞായറാഴ്ച രാത്രി ബന്ധുവിന്റെ വിവാഹസത്ക്കാരത്തില്‍ പങ്കെടുത്ത് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയില്‍പ്പെട്ടത്. ഹംസയുടെ ഭാര്യയുടെയും മക്കളുടെയും സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്.
ഏകദേശം ഒരാഴ്ച മുമ്പുവരെ സ്വര്‍ണാഭരണങ്ങള്‍ അലമാരക്ക് മുകളില്‍ ഉണ്ടായിരുന്നതായി വീട്ടുകാര്‍ പറയുന്നു. അതിനാല്‍, അതിനു ശേഷമുള്ള ദിവസങ്ങളിലൊന്നിലാകാം മോഷണം നടന്നതെന്നാണ് നിഗമനം. വീട്ടിലെ വാതിലുകളോ ജനലുകളോ പൂട്ടുകളോ തകര്‍ത്തിട്ടില്ലെന്നത് ശ്രദ്ധേയമാണ്. വീട്ടുകാര്‍ പുറത്തുപോയ സമയത്തോ വാതില്‍ അടയ്ക്കാതെ ചാരിയിട്ടിരുന്നപ്പോഴോ മോഷ്ടാവ് അകത്തുകടന്നതാകാമെന്നാണ് കരുതുന്നത്. സംഭവത്തില്‍ ചാലിശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.


