30 October, 2026 09:46:24 AM


പാലക്കാട് ക്വാറിയിൽ ലോറി മറിഞ്ഞു കാണാതായ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി



പാലക്കാട്: തിരുമിറ്റക്കോട് കറുകപുത്തൂർ ക്വാറിയിൽ ലോറി വെള്ളക്കെട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. പട്ടാമ്പി ഞാങ്ങാട്ടിരി സ്വദേശി അബു താഹിറിന്റെ മൃതദേഹമാണ് വെള്ളിയാഴ്ച രാവിലെ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്. കോട്ടയത്തു നിന്നെത്തിയ ഫയർഫോഴ്സിന്റെ സ്‌കൂബ ഡൈവിംഗ് സംഘം നടത്തിയ പരിശോധനയിൽ ചെളിയിൽ താഴ്ന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

വ്യാഴാഴ്ച രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. ക്വാറിയിൽ മണ്ണടിക്കുന്നതിനിടെ നിയന്ത്രണംവിട്ട ലോറി ഡ്രൈവർ സഹിതം 40 അടിയിലേറെ ആഴമുള്ള വെള്ളക്കെട്ടിലേക്ക് പതിക്കുകയായിരുന്നു. അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു.

മൂന്ന് ക്രെയിനുകൾ എത്തിച്ച് 15 മണിക്കൂറിലേറെ നേരം നടത്തിയ കഠിനശ്രമത്തിനൊടുവിലാണ് വെള്ളക്കെട്ടിൽ മുങ്ങിപ്പോയ ലോറി കരയ്‌ക്കെത്തിക്കാനായത്. എന്നാൽ വ്യാഴാഴ്ച നടത്തിയ തിരച്ചിലിൽ ഡ്രൈവറെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് വെള്ളിയാഴ്ച രാവിലെയോടെ സ്‌കൂബ സംഘം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്താനായത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 923