31 October, 2026 12:51:06 PM


പാലക്കാട് 16കാരന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുത്തച്ഛൻ മരിച്ചു



പാലക്കാട്: കാവശേരിയിൽ 16കാരന്റെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ മുത്തച്ഛൻ ചികിത്സയിലിരിക്കെ മരിച്ചു. വാഴക്കച്ചിറ സ്വദേശി സുലൈമാൻ (65) ആണ് മരിച്ചത്. പത്ത് വയസുകാരിയായ സഹോദരിയെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സുലൈമാന് കുത്തേറ്റത്. സംഭവത്തിൽ പ്രതിയായത് മകളുടെ മകനാണ്. ഈ മാസം 19ന് വൈകിട്ട് ഏഴുമണിയോടെ കാവശേരിയിലെ വീട്ടിലായിരുന്നു സംഭവം. സഹോദരിയുമായുള്ള തർക്കത്തിനിടെ 16കാരൻ കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചു. ഇതിനിടെ കുട്ടിയെ രക്ഷിക്കാൻ ഇടപെട്ട സുലൈമാന് നെഞ്ചിലും കഴുത്തിലും വയറിലും കുത്തേറ്റു.

പരിക്കേറ്റ സുലൈമാനെയും കുട്ടിയെയും ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ തുടർന്ന് സുലൈമാനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സ തുടരുന്നതിനിടെ ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. പരിക്കേറ്റ പത്തുവയസുകാരി അപകടനില തരണം ചെയ്തിട്ടുണ്ട്. സംഭവത്തിനുശേഷം ഒളിവിൽ പോയ 16കാരനെ പിന്നീട് പൊലീസ് പിടികൂടി ജുവനൈൽ ഹോമിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 301