29 October, 2026 11:47:54 AM
അട്ടപ്പാടിയിലെ ശിശു മരണങ്ങള്: ചികിത്സാപിഴവ് കൊണ്ടല്ലെന്ന് കെ മുരളീധരന്

തിരുവനന്തപുരം: അട്ടപ്പാടിയിലെ ശിശു മരണങ്ങള് ചികിത്സാപിഴവ് കൊണ്ടല്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്. കുട്ടികള്‍ ജനിക്കുമ്പോള്‍ തന്നെ വലിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. വിശദമായി പഠിക്കാന്‍ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ സംഘം അവിടെ ക്യാമ്പ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. വളരെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോടെയാണ് കുട്ടികള്‍ ജനിക്കുന്നത്. അതല്ലാതെ ചികിത്സാപിഴവ് കൊണ്ടല്ല മരിക്കുന്നത്. ചികിത്സപിഴവ് കൊണ്ട് ഒരു മരണവുമുണ്ടായിട്ടില്ല. പരിഹാരമുണ്ടാക്കണം. ഇനി ജനിക്കുന്ന കുട്ടികളെ മരണത്തിന് വിട്ടുകൊടുക്കരുത്. അതുകൊണ്ട് ആരോഗ്യവകുപ്പ് ഇതൊരു ചലഞ്ചായി ഏറ്റെടുക്കുകയാണ്. 31ാം തിയതി ഞാന്‍ തന്നെ ചെന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ അഭിപ്രായം കൂടി ചര്‍ച്ച ചെയ്ത് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, അട്ടപ്പാടിയില്‍ ശിശുമരണ നിരക്ക് വീണ്ടും ഉയരുകയാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവ ശേഷം കുഞ്ഞ് മരിച്ചിരുന്നു. അനീമിയ ആണ് മരണ കാരണമെന്നാണ് പ്രാഥമികമായ വിവരം. ഈ മാസം മൂന്നാമത്തെ കുഞ്ഞാണ് മരിച്ചത്. കഴിഞ്ഞ ദിവസം 15 ദിവസം പ്രായമുള്ള ആണ്‍കുട്ടി മരിച്ചു. പോഷകാഹാര കുറവ് കൊണ്ടാണ് കുഞ്ഞുങ്ങള്‍ നിരന്തരം മരണപ്പെടുന്നത് എന്ന് ആരോപിച്ച് ഡിവൈഎഫ്ഐ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. നിലവിലെ സ്ഥിതിയെക്കുറിച്ച് വിദഗ്ധ പഠനം നടത്തണമെന്ന് ആവശ്യവും ഉയരുന്നുണ്ട്.


