30 September, 2026 11:48:24 AM


മാന്യമായി സംസാരിക്കണമെന്ന് ഉപദേശിച്ചു; അധ്യാപകനെ വിദ്യാർഥിയും സഹോദരനും ചേർന്ന് മർദിച്ചു


പാലക്കാട്: പാലക്കാട് ഗവൺമെന്റ് കോളേജിലെ അധ്യാപകന് മർദ്ദനമേറ്റ സംഭവത്തിൽ വിദ്യാർത്ഥിക്കും സഹോദരനുമെതിരെ കേസ്. പാലക്കാട് പത്തിരിപ്പാല ​ഗവ. കോളേജിലെ അദ്ധ്യാപകനാണ് മർദ്ദനമേറ്റത്. കോളേജിലെ രണ്ടാംവർഷ ബി.ബി.എ. വിദ്യാർത്ഥി മുഹമ്മദ് അനസ് (19), അനസിന്റെ സഹോദരനും മണ്ണൂർ സ്വദേശിയുമായ ആഷിക് അലി (30) എന്നിവർക്കെതിരെയാണ് കേസെടുത്തത്.

കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം അധ്യാപകൻ കെ. ഷബീറിനാണ് മർദനമേറ്റത്.  പരിക്കേറ്റ അധ്യാപകൻ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ 11.15ഓടെയായിരുന്നു സംഭവം. രാവിലെ കോളേജ് പരിസരത്ത് മുഹമ്മദ് അനസ് സഞ്ചരിച്ചിരുന്ന ബൈക്കിൽ ഒരു അധ്യാപികയുടെ കാർ തട്ടിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. 

സംഭവത്തിന് പിന്നാലെ അനസും സഹോദരനും സ്റ്റാഫ് മുറിയിലെത്തി അധ്യാപികയോട് അസഭ്യം പറഞ്ഞു. സംഭവം ശ്രദ്ധയിൽപ്പെട്ട അധ്യാപകൻ ഇടപെടുകയും ഇരുവരോടും മാന്യമായി സംസാരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനു പിന്നാലെ ഇരുവരും ബഹളംവെക്കുകയും അധ്യാപകനെ മർദിക്കുകയുമായിരുന്നു. അദ്ധ്യാപകനെ മർദ്ദിച്ച മുഹമ്മദ് അനസിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്യാൻ മാനേജ്മെന്റ് തീരുമാനിച്ചിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 105