17 September, 2026 12:08:44 PM
ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന് ബസിന്റെ എന്‍ജിനില്‍ ഉപ്പ് വാരിയിട്ടു; മുന്‍ ജീവനക്കാര്‍ പിടിയില്‍

മലപ്പുറം: ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ വൈരാഗ്യത്തിൽ സ്വകാര്യ ബസിന്റെ എൻജിനകത്ത് ഉപ്പുവാരിയിട്ട മുൻ ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ. കരുവാരകുണ്ട് കേരള സ്വദേശിയും മുൻ കണ്ടക്ടറുമായ റമീസ്, കാരപ്പുറം പോത്തൻകോടൻ സ്വദേശിയും മുൻ ഡ്രൈവറുമായ സൽമാൻ എന്നിവരെയാണ് പൂക്കോട്ടുംപാടം പോലീസ് അറസ്റ്റ് ചെയ്തത്. ബസ് മാനേജർ നിസാർ നൽകിയ പരാതിയിലാണ് നടപടി.
ജോലിയിലെ വീഴ്ചകളെ തുടർന്ന് ഉടമ ഇരുവരെയും സർവീസിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിലുള്ള പ്രതികാരമാണ് ആക്രമണത്തിന് പിന്നിൽ. കഴിഞ്ഞ മാസം 30-ന് രാത്രി പൂക്കോട്ടുംപാടത്തെ പെട്രോൾ പമ്പിൽ നിർത്തിയിട്ടിരുന്ന ബസിന്റെ എൻജിൻ ബോണറ്റ് തുറന്ന് വലിയ അളവിൽ ഉപ്പ് വാരിയിടുകയായിരുന്നു. എൻജിനിൽ ഉപ്പിട്ടാൽ ആഴ്ചകൾ കഴിഞ്ഞേ വാഹനം പണിമുടക്കൂ എന്നും, തങ്ങളിലേക്ക് സംശയം നീളില്ലെന്നുമായിരുന്നു പ്രതികൾ കണക്കുകൂട്ടിയിരുന്നത്.
എന്നാൽ പിറ്റേദിവസം സർവീസ് ആരംഭിച്ച ബസ് 50 കിലോമീറ്റർ സഞ്ചരിച്ചപ്പോഴേക്കും എൻജിനിൽ നിന്ന് കടുത്ത പുക ഉയരുകയും കത്തുകയും ചെയ്തു. തുടർന്ന് എൻജിന്റെ പ്രവർത്തനം പൂർണ്ണമായി നിലയ്ക്കുകയായിരുന്നു. സംഭവത്തിൽ ബസ് ഉടമയ്ക്ക് മൂന്ന് ലക്ഷത്തോളം രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായി. സംഭവം പോലീസിലേക്ക് എത്തിയതോടെ പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. പെട്രോൾ പമ്പിലെയും പരിസരത്തെയും സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പോലീസ് വലയിലാക്കിയത്.


