22 August, 2026 12:01:31 PM
ഡ്രസ് കോഡിനെ ചൊല്ലി തർക്കം; താമരശ്ശേരിയിൽ സ്കൂളിലെ ഓണാഘോഷത്തിനിടെ സംഘർഷം

കോഴിക്കോട്: താമരശ്ശേരിയിലെ ഒരു പൊതുവിദ്യാലയത്തിൽ ഓണാഘോഷത്തിനിടെ പ്ലസ് വൺ, പ്ലസ്ടു വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ അഞ്ച് ജൂനിയർ വിദ്യാർഥികൾക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്ന് പ്ലസ് വൺ വിദ്യാർഥികളുടെ മുഖത്ത് കൈവള പോലുള്ള വസ്തു കൊണ്ടുള്ള മുറിവുകളുണ്ടെന്നാണ് വിവരം. വെള്ളിയാഴ്ച രാവിലെ 11.30ഓടെയാണ് സ്കൂളിൽ സംഘർഷമുണ്ടായത്. ഓണാഘോഷത്തിനെത്തിയ പ്ലസ് വൺ വിദ്യാർഥികൾ പതിവിൽ നിന്ന് വ്യത്യസ്തമായി ഒരേ നിറത്തിലും മാതൃകയിലുമുള്ള വേഷം ധരിച്ചതാണ് തർക്കത്തിന് കാരണമായതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
സാധാരണയായി സ്കൂളിലെ പ്ലസ്ടു വിദ്യാർഥികളാണ് ഓണാഘോഷ ദിവസം ഒരേ ഡ്രസ്‌കോഡിൽ എത്താറുള്ളത്. എന്നാൽ ഇത്തവണ പ്ലസ് വൺ വിദ്യാർഥികളും ഒരേ രീതിയിലുള്ള വേഷം തിരഞ്ഞെടുത്ത് എത്തുകയായിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ, പ്രത്യേകിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്നതിനായി ഗ്രൂപ്പ് ഫോട്ടോ എടുക്കുന്ന വിഷയവും സംഘർഷത്തിന് വഴിവെച്ചതായാണ് അധികൃതർ പറയുന്നത്.
തർക്കം രൂക്ഷമായതോടെ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. അധ്യാപകരും സ്കൂൾ ജീവനക്കാരും ഏറെ പരിശ്രമിച്ചാണ് സംഘർഷത്തിലേർപ്പെട്ട വിദ്യാർഥികളെ പിന്തിരിപ്പിച്ചത്. പരിക്കേറ്റ അഞ്ച് വിദ്യാർഥികളെയും താമരശ്ശേരി സർക്കാർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.


