07 August, 2026 11:23:11 AM


മഞ്ചേരിയിൽ വീട്ടിലെ കിടപ്പുമുറിയിൽ കാട്ടുപന്നി; രണ്ടര വയസുകാരിക്ക് അത്ഭുതരക്ഷ



മലപ്പുറം: മഞ്ചേരിയിൽ വീടിനകത്ത് കയറിയ കാട്ടുപന്നിയിൽ നിന്നും പിഞ്ചുകുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴക്ക്. കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ മഞ്ചേരി തടത്തിപ്പറമ്പ് സ്വദേശി കള്ളാടിത്തൊടി അലവിയുടെ വീട്ടിലാണ് സംഭവം. വീട്ടിലുള്ളവർ അടുക്കളഭാഗത്ത് സംസാരിച്ചുകൊണ്ടിരിക്കെ റോഡിലൂടെ കടന്നുവന്ന കാട്ടുപന്നി വീടിനകത്തേക്ക് കയറുകയായിരുന്നു.

അലവിയുടെ മകൻ ഫവാസിന്റെ രണ്ടരവയസ്സുകാരിയായ മകൾ കട്ടിലിൽ കളിച്ചുകൊണ്ടിരിക്കെ ഈ മുറിയിലേക്കാണ് കാട്ടുപന്നി കയറിയത്.  ഫവാസിന്റെ അമ്മാവനായ അബ്ദുൽ ഹക്കീം കുഞ്ഞിനെ പുറത്തേക്കെടുക്കുകയും വാതിൽ പുറത്തു നിന്ന് അടക്കുകയുമായിരുന്നു. വീട്ടുകാർ ഉടൻ നാട്ടുകാരെ വിളിച്ചുകൂട്ടുകയും വാർഡ് കൗൺസിലർ പി. ഷംസിയ ടീച്ചർ നഗരസഭയെ വിവരമറിയിക്കുകയും ചെയ്തു.

നഗരസഭാ അധികൃതരുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പൊതുപ്രവർത്തകനായ സാലിം മഞ്ചേരി ഷൂട്ടർമാരെ വിവരമറിയിക്കുകയുമായിരുന്നു. ഷൂട്ടർമാരായ കെ.വി. ഇല്യാസ് ബാബു ആനക്കയം, കെ.വി. നൗഷാദ് എന്നിവർ സ്ഥലത്തെത്തി ജനൽപാളി തുറന്ന് മുറിക്കകത്തുളള കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. നാട്ടുകാർ ചേർന്ന് പുറത്തെടുത്ത ജഡം ഭക്ഷ്യയോഗ്യമല്ലാതാക്കി കുഴിച്ചു മൂടി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 307