18 August, 2026 09:59:22 AM


കോഴിക്കോട് ഡ്യൂട്ടിക്കിടെ പോലീസുകാരനുനേരെ ആക്രമണം; പ്രതി പിടിയിൽ



കോഴിക്കോട്: കോഴിക്കോട് ഡ്യൂട്ടിക്കിടെ പോലീസ് സബ് ഇൻസ്പെക്ടറെ ആക്രമിച്ച പ്രതിയെ നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തു. പുതിയാപ്പ ചെറുകുഴിതാഴത്ത് വീട്ടിൽ സുജിത്ത് (31) ആണ് പിടിയിലായത്. ആക്രമണത്തിൽ നടക്കാവ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായ ഷിബുവിനാണ് പരിക്കേറ്റത്. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിക്ക് സമീപം തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം.

ബേബി മെമ്മോറിയൽ ആശുപത്രിക്ക് സമീപമുള്ള ഒരു വീടിനടുത്ത് ഒരാൾ ബഹളം വെക്കുന്നതായി സിറ്റി പോലീസ് കൺട്രോൾ റൂമിൽനിന്ന് സബ് ഇൻസ്പെക്ടർക്കും സംഘത്തിനും സന്ദേശം ലഭിച്ചിരുന്നു. തുടർന്ന് പട്രോളിങ്ങ് ഡ്യൂട്ടിയിലായിരുന്ന പോലീസ് സംഘം ഉടൻ തന്നെ സ്ഥലത്തെത്തി. പരിശോധനയിൽ സുജിത്ത് കയ്യിൽ ചോരയൊലിപ്പിച്ച നിലയിൽ റോഡിൽനിന്ന് ബഹളം വെക്കുന്നത് പോലീസ് കണ്ടെത്തുകയായിരുന്നു.

തുടർന്ന് പരിക്കേറ്റ ഇയാളെ വൈദ്യസഹായത്തിനായി ആംബുലൻസിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ സുജിത്ത് പ്രകോപിതനാവുകയും സബ് ഇൻസ്പെക്ടറെ കാലുകൊണ്ട് ചവിട്ടുകയുമായിരുന്നു. ചവിട്ടേറ്റ് റോഡിലേക്ക് വീണ സബ് ഇൻസ്പെക്ടർ ഷിബുവിന് കൈമുട്ടിനും വയറിനും കഴുത്തിനുമാണ് പരിക്കേറ്റത്.

സംഭവത്തെ തുടർന്ന് സ്ഥലത്തുണ്ടായിരുന്ന മറ്റ് പോലീസ് ഉദ്യോഗസ്ഥർ പെട്ടെന്ന് ഇടപെട്ട് ബലം പ്രയോഗിച്ചാണ് സുജിത്തിനെ ആംബുലൻസിൽ കയറ്റിയത്. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടയിൽ പോലീസിനെ ആക്രമിച്ച സംഭവത്തിൽ പ്രതിക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് നടക്കാവ് പോലീസ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 911