25 August, 2026 10:24:08 AM
പന്തളത്ത് വയോധികയെയും മകനെയും വീട്ടിൽ കയറി ആക്രമിച്ചു: 3 യുവാക്കൾ അറസ്റ്റിൽ

പത്തനംതിട്ട: മുൻ വൈരാഗ്യത്തിന്റെ പേരിൽ വയോധികയെയും മകനെയും വീട്ടിൽ കയറി ക്രൂരമായി മർദ്ദിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേരെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. പന്തളം മുളമ്പുഴ വലിയ തറയിൽ ലീലാമ്മ ഫിലിപ്പ്, മകൻ എന്നിവർക്ക് നേരെയാണ് അക്രമമുണ്ടായത്.
സംഭവവുമായി ബന്ധപ്പെട്ട് കുന്നിക്കുഴി അനിഴം വീട്ടിൽ ബിനു, പന്തളം തോട്ടക്കോണം കൊച്ചുതറമേൽ രാഹുൽ ആർ. നായർ, പന്തളം ചെറുമല തരിപ്പോട്ടിൽ വടക്കേതിൽ സുജിത്ത് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഓഗസ്റ്റ് 11-ന് രാത്രി 9:30-ഓടെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
വീടിന്റെ മുൻവശത്തെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയ പ്രതികൾ വയോധികയെ ഭീഷണിപ്പെടുത്തുകയും മകനെ മർദ്ദിക്കുകയുമായിരുന്നു. തുടർന്ന് വീട്ടുപകരണങ്ങൾ അടിച്ച് തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് അക്രമികൾ മടങ്ങിയത്.


