24 August, 2026 09:39:26 AM


ഇടിച്ച കാർ നിർത്താതെ പോയി; 15 മിനിറ്റോളം റോഡിൽ കിടന്ന ബൈക്ക് യാത്രികനു ദാരുണാന്ത്യം



ചേർത്തല : ബൈക്കിൽ കാറിടിച്ച് റോഡിലേക്ക് തെറിച്ചുവീണ യുവാവ് മരിച്ചു. തണ്ണീർമുക്കം പഞ്ചായത്ത് പണ്ടാരപ്പാട്ടത്തിൽ പ്രകാശിന്റെയും മിനിയുടെയും മകൻ ശിവപ്രകാശ് (29) ആണ് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് തണ്ണീർമുക്കം സ്വദേശി വിഷ്ണു മുരളിക്ക് (27) ഗുരുതരമായി പരിക്കേറ്റു. ചേർത്തല വാരനാട്–ചെങ്ങണ്ട റോഡിൽ ചെങ്ങണ്ട വളവിൽ വെച്ചായിരുന്നു അപകടം.

സുഹൃത്തിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു ഇരുവരും. ശിവപ്രകാശാണ് ബൈക്ക് ഓടിച്ചിരുന്നത്. ഇരുവരും സഞ്ചരിച്ച ബൈക്കിന്റെ പിന്നിൽ കാർ ഇടിക്കുകയായിരുന്നു. ഇടിച്ച കാർ നിർത്താതെ പോയി. അപകടത്തിന് ശേഷം പരിക്കേറ്റ യുവാക്കൾ 15 മിനിറ്റോളം റോഡിൽ കിടന്നു. പിന്നീട് ഇതുവഴിയെത്തിയ മറ്റ് യാത്രക്കാരാണ് ഇവരെ ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചതെങ്കിലും ശിവപ്രകാശിന്റെ ജീവൻ രക്ഷിക്കാനായില്ല.

കോട്ടയത്തെ കാർ ഷോറൂം ജീവനക്കാരനാണ് മരണപ്പെട്ട ശിവപ്രകാശ്. അപകടമുണ്ടാക്കി കടന്നുകളഞ്ഞ കാറിനായി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ശിവപ്രകാശിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ട നടപടികൾക്കായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 944