11 August, 2026 12:48:38 PM
അടൂരിലെ ഹോട്ടലുകളിൽ പരിശോധന: പഴകിയ ഭക്ഷണവും മീനും പിടികൂടി

അടൂർ: എംസി റോഡിലെ പ്രധാന ഫുഡ് സ്പോട്ടായ അടൂർ ബൈപാസിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ വ്യാപക പരിശോധന. പരിശോധനയിൽ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണവും പാചകാവശ്യത്തിനായി സൂക്ഷിച്ചിരുന്ന മോശം ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്തു. പ്രദേശത്തെ പ്രമുഖ സ്ഥാപനങ്ങളായ ഓലപ്പന്തൽ, അമ്മച്ചിക്കട, ഡിങ്കൻ്റെ തട്ടുകട, സൺറൈസ്, എസ് എൻ, രാജധാനി എന്നീ ഹോട്ടലുകളിലാണ് പരിശോധന നടന്നത്. ഹോട്ടലുകളിൽ നിന്ന് ഉപയോഗശൂന്യമായ 50 കിലോയോളം പഴകിയ മത്സ്യവും ഉദ്യോഗസ്ഥർ പിടിച്ചെടുത്ത് നശിപ്പിച്ചു. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെയും ഗുണനിലവാരമില്ലാത്ത ഭക്ഷണങ്ങൾ വിതരണം ചെയ്തും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.


