11 August, 2026 12:32:00 PM
'ഞാൻ കാശിക്ക് പോകുന്നു'; മൊബൈല്‍ ഗെയിം വിലക്കിയതിന് കണ്ണൂരില്‍ 17കാരന്‍ നാടുവിട്ടു

കണ്ണൂര്‍: മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയതോടെ കണ്ണൂര്‍ പെരിങ്ങത്തൂരില്‍ 17കാരന്‍ നാടുവിട്ടെന്ന് പരാതി. പ്ലസ്ടു വിദ്യാര്‍ഥിയെയാണ് കാണാതായത്. കാശിക്ക് പോകുന്നു എന്ന് കത്തെഴുതി വച്ചാണ് നാടുവിട്ടത്. താന്‍ കാശിയിലേക്ക് പോകുന്നുവെന്നും ഇനിയുള്ള കാലം അവിടെ താമസിച്ച് ദൈവത്തോടലിലും എന്നുമാണ് കത്തിലുള്ളത്. ശനിയാഴ്ച മുതലാണ് കുട്ടിയെ കാണാതായത്. മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുന്നത് പതിവായിരുന്നുവെന്നും ഇതില്‍ കൂടുതല്‍ സമയം ചിലവഴിക്കുമായിരുന്നുവെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. പണം കൊടുത്തു കളിക്കുന്ന ഈ ഗെയിം രക്ഷിതാക്കള്‍ വിലക്കി. പിന്നീട് ഫോണ്‍ വാങ്ങിവെക്കുകയും ചെയ്തു. ഇതില്‍ മനോവിഷമത്തിലായിരുന്നു കുട്ടി. കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പെരിങ്ങത്തൂരിനടുത്തുള്ള സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചെങ്കിലും ഒരു തുമ്പും കിട്ടിയില്ല.


