03 August, 2026 09:05:11 PM
വിവാഹവാർഷികത്തിന് വാങ്ങിയ കേക്ക് ചതിച്ചു; കാസർകോട് ആറ് പേർക്ക് ഭക്ഷ്യവിഷബാധ

കാസർകോട്: വിവാഹവാർഷിക ആഘോഷത്തിനായി വാങ്ങിയ കേക്ക് കഴിച്ച് കുട്ടികൾ ഉൾപ്പെടെ ആറുപേർക്ക് ഭക്ഷ്യവിഷബാധ ഏൽക്കുകയും തുടർന്ന് സ്ഥാപനത്തിനെതിരെ നടപടിയെടുക്കുകയും ചെയ്തതായി റിപ്പോർട്ട്. കാസർകോട് പരപ്പയിലാണ് സംഭവം. കനകപ്പള്ളി സ്വദേശി സലീമിന്റെ ബന്ധുക്കൾ ശനിയാഴ്ച രാത്രി സമ്മാനമായി വാങ്ങിയ കേക്ക് കഴിച്ചവർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.
കേക്ക് മുറിച്ച് കഴിച്ചപ്പോൾ രുചി വ്യത്യാസം തോന്നി പരിശോധിച്ചപ്പോഴാണ് അതിൽ പൂപ്പൽ കണ്ടെത്തിയത്. കുട്ടികളടക്കമുള്ള കുടുംബാംഗങ്ങൾ കേക്ക് കഴിച്ചതിനെ തുടർന്ന് ആറുപേർ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ വെള്ളരിക്കുണ്ട് ഹെൽത്ത് ഇൻസ്‌പെക്ടർ നടത്തിയ പ്രാഥമിക പരിശോധനയിൽ ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചു.
തുടർന്ന്, സ്ഥാപനം സ്ഥിതി ചെയ്യുന്ന കിനാനൂർ – കരിന്തളം പഞ്ചായത്ത് പരിധിയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പരപ്പയിലെ സ്വീറ്റി ബേക്കറിയിൽ പരിശോധന നടത്തുകയും പഴകിയ ഭക്ഷണസാധനങ്ങൾ കണ്ടെത്തുകയും ചെയ്തു. ഇതേത്തുടർന്ന് സ്വീറ്റി ബേക്കറി പൂട്ടാൻ ആരോഗ്യ വിഭാഗം നോട്ടീസ് നൽകി.


