27 August, 2026 11:28:00 AM
നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരണം 157 ആയി; നിരവധി പേരെ കാണാതായി

കാഠ്മണ്ഡു: നേപ്പാളിൽ ചൈനയുടെ ടിബറ്റ് മേഖലയ്ക്ക് ഇടയിലുള്ള ഹിമാലയൻ അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ ഇതുവരെ 157 മരണം. ബുധനാഴ്ച രാത്രി വരെ 157 മൃതദേഹങ്ങൾ കണ്ടെത്തിയതായാണ് നേപ്പാൾ പൊലീസ് അറിയിച്ചത്. നേപ്പാൾ ടൂറിസം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് 400ലധികം വിനോദസഞ്ചാരികളെ കാണാതായിട്ടുണ്ട്. ഇതിൽ ഏകദേശം 340 പേർ വിദേശികളാണ്. കാണാതായവരിൽ 133 പേർ ഇന്ത്യയിൽ നിന്നുള്ള തീർഥാടകരാണെന്നാണ് നേപ്പാൾ ടൂറിസം ബോർഡ് വക്താവ് സുനിൽ ശർമ്മയെ അറിയിച്ചത്. കാണാതായവരിൽ 47 പേർ അമേരിക്കക്കാരും 34 പേർ ഓസ്‌ട്രേലിയക്കാരും 33 പേർ ബ്രിട്ടീഷുകാരും 24 പേർ കാനഡക്കാരുമാണെന്നും അദ്ദേഹം അറിയിച്ചു. ജലവൈദ്യുത നിലയത്തിൽ ജോലി ചെയ്തിരുന്ന എട്ട് ദക്ഷിണ കൊറിയൻ പൗരന്മാരെ കാണാതായതായി ദക്ഷിണ കൊറിയയും അറിയിച്ചിട്ടുണ്ട്.
ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും നിന്നുള്ള നൂറുകണക്കിന് ഹിന്ദു തീർഥാടകർ വർഷംതോറും സന്ദർശിക്കുന്ന ടിബറ്റിലെ കൈലാസ് മാനസസരോവർ തീർഥാടന പാതയിലാണ് ദുരന്തബാധിത പ്രദേശം. നിരവധി പേർ തീർത്ഥാടനത്തിനായി എത്തിച്ചേരാറുള്ള സമയത്താണ് ഇപ്പോൾ അപകടം സംഭവിച്ചിരിക്കുന്നത്. ദുരന്തത്തിന്റെ വ്യാപ്തി ഇപ്പോഴും വ്യക്തമായിട്ടില്ല. അതിർത്തി പ്രദേശത്ത് നിരവധി ആളുകൾ മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും വൻ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടാകാമെന്നുമുള്ള ആശങ്കയാണ് അധികൃതർ പങ്കുവെയ്ക്കുന്നത്.
കാണാതായ ബന്ധുക്കളെക്കുറിച്ചുള്ള വിവരങ്ങൾ തേടി നുവാകോട്ട്, ധാദിങ് മേഖലകളിൽ നിന്നുള്ള നാട്ടുകാർ ഹെലികോപ്റ്റർ രക്ഷാപ്രവർത്തനങ്ങളുടെ കേന്ദ്രമായ നേപ്പാൾ സൈനിക പരിശീലന കേന്ദ്രത്തിന് മുന്നിൽ തടിച്ചുകൂടി. വൈദ്യുതിയില്ലാത്തതിനാൽ മൊബൈൽ ഫോണുകളുടെ വെളിച്ചം മാത്രം ഉപയോഗിച്ചാണ് പൊലീസ് കാണാതായവരുടെ പേരുകൾ രേഖപ്പെടുത്തിയത്. ജലവൈദ്യുത സംവിധാനങ്ങൾ തകർന്നതിനെ തുടർന്നാണ് പ്രദേശത്ത് വൈദ്യുതി മുടങ്ങിയത്. ദുരന്തബാധിത മേഖലകളിൽ വീടുകളും മരങ്ങളും വാഹനങ്ങളും മണ്ണിലും വെള്ളത്തിലും മുങ്ങുകയോ മണ്ണിനടിയിൽപ്പെടുകയോ ചെയ്തിട്ടുണ്ട്. ദിവസം മുഴുവൻ ഹെലികോപ്റ്ററുകൾ പ്രദേശത്തിന് മുകളിലൂടെ പറന്ന് രക്ഷപ്പെട്ടവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.


