27 July, 2026 01:06:14 PM
ഇടുക്കിയിൽ ഭിന്നശേഷിക്കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

ഇടുക്കി: ഉടുമ്പഞ്ചോലയിൽ ഭിന്നശേഷിക്കാരിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. മധ്യപ്രദേശ് സ്വദേശിയായ റിമു (20) ആണ് ഉടുമ്പഞ്ചോല പൊലീസിന്റെ പിടിയിലായത്. പ്രതിക്കെതിരെ പോക്‌സോ വകുപ്പുകൾ ചുമത്തി കേസെടുത്തു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് സംഭവം. വീടിന് സമീപം നിൽക്കുകയായിരുന്ന സംസാരിക്കാനും കേൾക്കാനും ശേഷിയില്ലാത്ത പെൺകുട്ടിയെ പ്രതി വായപൊത്തിപ്പിടിച്ച് അടുത്തുള്ള ഏലത്തോട്ടത്തിലേക്ക് തട്ടിക്കൊണ്ടുപോകുകയായിരുന്നു. കുട്ടിയെ കാണാതായതോടെ പരിഭ്രാന്തരായ വീട്ടുകാരും നാട്ടുകാരും പ്രദേശത്ത് വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
തുടർന്ന് രാത്രി ഏഴരയോടെ തനിയെ വീട്ടിൽ തിരിച്ചെത്തിയ കുട്ടി ആംഗ്യഭാഷയിലൂടെയാണ് താൻ നേരിട്ട അതിക്രമം മാതാപിതാക്കളോട് വെളിപ്പെടുത്തിയത്. ഉടൻതന്നെ വീട്ടുകാർ ഉടുമ്പഞ്ചോല പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും പരാതി നൽകുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ രാത്രി തന്നെ തിരച്ചിലിനിറങ്ങിയ പൊലീസ് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഏട്ടുമാസം മുമ്പാണ് റിമു ജോലി തേടി ഉടുമ്പഞ്ചോലയിലെത്തുന്നത്. പ്രദേശത്തെ ഏലത്തോട്ടത്തിൽ പണിക്കാരനായി ജോലി ചെയ്തുവരികയായിരുന്നു ഇയാൾ.


