20 July, 2026 01:00:33 PM


'ഭക്ഷണ വിതരണമല്ല, ആശുപത്രികളില്‍ സ്ഥലം കയ്യേറുന്നതാണ് പ്രശ്‌നം'- കെ മുരളീധരന്‍



തിരുവനന്തപുരം: ആശുപത്രിയിലെ പൊതിച്ചോര്‍ വിവാദത്തില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി കെ മുരളീധരന്‍ വീണ്ടും. അന്നം മുടക്കിയിട്ടില്ല, ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്. ഇതും ഭക്ഷണവുമായിട്ടൊന്നും ഒരു ബന്ധവുമില്ല. ഭക്ഷണം കൊടുക്കുന്നതിന് ഒരു തടസ്സവുമില്ല. ഇതിനാണ് അന്നം മുടക്കിയെന്ന് പറഞ്ഞ് ചിലരൊക്കെ വിമര്‍ശിച്ചത്. കെ മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

ഭക്ഷണം നല്‍കുന്നതിന് തടസ്സമില്ല, എന്നാല്‍ സ്ഥലം കയ്യേറി വലിയ ബാനര്‍ വെച്ച്, ഇവിടെ ഞങ്ങളല്ലാതെ മറ്റാരും ഒന്നും ചെയ്യേണ്ട എന്നാണെങ്കില്‍ അതു നടക്കില്ല. അതാണ് ആലപ്പുഴയില്‍ അങ്ങനെ ചെയ്തത്. ആലപ്പുഴയില്‍ പരാതി കിട്ടിയതുകൊണ്ടാണ് സംഘടനകള്‍ ഭക്ഷണം വിതരണം ചെയ്യേണ്ടെന്ന് തീരുമാനമെടുത്തത്. മറ്റെവിടെയെങ്കിലും പരാതി കിട്ടിയാല്‍ അപ്പോള്‍ നോക്കാം. പരാതി കിട്ടാത്തതുകൊണ്ട് ആ കാര്യത്തെക്കുറിച്ച് ഇപ്പോള്‍ പറയേണ്ടതില്ലെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ആലപ്പുഴയില്‍ കമ്യൂണിറ്റി കിച്ചണ്‍ നടപ്പാക്കാനും, സ്ഥലം കയ്യേറിയവരെ അവിടെ നിന്നും നിര്‍ബന്ധമായും മാറ്റി നിര്‍ത്താനുമുള്ളത്, ആശുപത്രി വികസന സമിതി ( എച്ച് ഡി സി ) കമ്മിറ്റിയുടെ തീരുമാനമാണ്. അല്ലാതെ കെ മുരളീധരന്‍ എടുത്ത തീരുമാനമല്ല. സ്ഥലം കയ്യേറിയതായി പരാതി തന്നതും അവരാണെന്നും മന്ത്രി പറഞ്ഞു.

മെഡിക്കൽ കോളജിന്റെ അകത്തു ബാനർ കെട്ടാൻ രാഷ്ട്രീയ സംഘടനകൾക്ക് അധികാരമില്ല. ഡിവൈഎഫ്ഐക്കോ സേവാഭാരതിക്കോ സർക്കാരിന്റെ സ്വത്ത് സ്വകാര്യമായി കൈകാര്യം ചെയ്യാൻ അനുവാദമില്ല. ഈ തീരുമാനത്തിൽ സേവാഭാരതിയും ഡിവൈഎഫ്ഐയും പ്രതിഷേധിക്കുന്നുണ്ട്. കേരളത്തിൽ ഏതു സർക്കാർ ആശുപത്രിയിൽ വഴി തടസ്സം ഉണ്ടായാലും നടപടിയുണ്ടാകും എന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

രോഗികൾക്ക് മെഡിക്കൽ കോളജിൽ തന്നെ പരിശോധനകൾക്ക് സൗകര്യമൊരുക്കിയത് അടുത്തുള്ള രണ്ടു സ്വകാര്യലാബുകാർക്ക് തിരിച്ചടിയായി. ഇതിന്റെ ഉടമസ്ഥർ ആരെന്നു പരിശോധിച്ചാൽ പൊതിച്ചോറ് വിഷയത്തിലെ പ്രതിഷേധത്തിന്റെ കാരണം മനസിലാകുമെന്നും മന്ത്രി കെ മുരളീധരൻ പറഞ്ഞു. സർക്കാർ സ്ഥാപനങ്ങൾക്ക് ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്നവരുടെ പേരിടുന്നതും, ബാനർ വലിച്ചുകെട്ടി സ്ഥലം കൈയേറുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു. ആഹാരത്തിന് രാഷ്ട്രീയമോ മതമോ ഇല്ലെന്നും, ആശുപത്രികളില്‍ രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ലെന്നും മന്ത്രി കെ മുരളീധരൻ ഇന്നലെയും വിശദീകരിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 936