26 June, 2026 06:26:45 PM
പാനൂരിൽ കുഴിമന്തി കഴിച്ച 3 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ പൂട്ടിച്ചു

കണ്ണൂർ: പാനൂർ പൂക്കോം റോഡിലുള്ള മന്തി ഹോട്ടലിൽ നിന്നും കുഴിമന്തി കഴിച്ച മൂന്ന് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇന്നലെ വൈകിട്ടോടെ ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്ക് മണിക്കൂറുകൾക്കകം കടുത്ത ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഇവരെ പാനൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ വിദ്യാർത്ഥികളുടെ ആരോഗ്യനില തൃപ്തികരമാണ്.
സംഭവത്തിൽ കുടുംബാംഗങ്ങൾ പൊലീസിലും ആരോഗ്യവകുപ്പിലും പരാതി നൽകിയതിനെ തുടർന്ന് ഇന്നലെ രാത്രി തന്നെ അധികൃതർ ഹോട്ടലിൽ അടിയന്തര പരിശോധന നടത്തി. കൂടുതൽ അന്വേഷണങ്ങൾക്കായി ഹോട്ടൽ താല്കാലികമായി അടച്ചുപൂട്ടാൻ ആരോഗ്യവകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. ഇവിടെനിന്നും ഭക്ഷണ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും, വിശദമായ പരിശോധനാ റിപ്പോർട്ട് ലഭിച്ച ശേഷം ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.



