23 June, 2026 10:43:36 AM
കേളകത്ത് ജനവാസ കേന്ദ്രത്തിലിറങ്ങി ഭീതി പരത്തിയ പുലി ഒടുവിൽ കൂട്ടിലായി

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ കേളകം പഞ്ചായത്തിലെ എട്ടാം വാര്‍ഡായ അമ്പായത്തോട് വെണ്ടയ്ക്കും ചാലില്‍ ജനവാസ കേന്ദ്രങ്ങളിലിറങ്ങി ഭീതി പരത്തിയ പുലി കൂട്ടില്‍ കുടുങ്ങി. വട്ടക്കാട്ടില്‍ കുഞ്ഞ് എന്നയാളുടെ റബ്ബര്‍ തോട്ടത്തില്‍ സ്ഥാപിച്ച കൂട്ടിലാണ് തിങ്കളാഴ്ച രാത്രിയോടെ പുലി കുടുങ്ങിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്തു നിന്നും വളര്‍ത്തു മൃഗങ്ങളെ പുലി പിടികൂടി ഭക്ഷിച്ചിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ ആവശ്യപ്രകാരം പ്രദേശത്ത് കൂട് സ്ഥാപിക്കുകയായിരുന്നു. പുലിയുടെ അക്രമത്തില്‍ ഒരു ആട് ചാവുകയും പശുക്കിടാവിന് പരുക്കേല്‍ക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് വനം വകുപ്പ് കൂട് സ്ഥാപിക്കാന്‍ തീരുമാനിച്ചത്.
തിങ്കളാഴ്ച രാത്രിയോടെയാണ് ആടിനെ കെട്ടിയ കെണിയില്‍ പുലി വന്ന് കയറിയത്. നേരത്തെ സിസിടിവി ക്യാമറകളില്‍ ഇവിടെ പുലിയിറങ്ങിയതായി സ്ഥീരീകരിക്കപ്പെട്ടിരുന്നു. പഞ്ചായത്ത് അധികൃതരുടെയും നാട്ടുകാരുടെയും ആവശ്യപ്രകാരമാണ് പുലിയെ പിടിക്കാന്‍ വനം വകുപ്പ് കൂടു സ്ഥാപിച്ചത് കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിലുള്ള പുലിയാണ് നാട്ടില്‍ ഇറങ്ങി പിടിയിലായത്.



