21 June, 2026 05:09:22 PM
തൃശൂരിലെ അനാശാസ്യ കേന്ദ്രത്തില്‍ കൊലപാതകം; 4 സ്ത്രീകള്‍ അടക്കം 6 പേര്‍ അറസ്റ്റില്‍

തൃശൂര്‍: തൃശൂരിലെ അനാശാസ്യ കേന്ദ്രത്തിൽ കൊലപാതകം. ഒഡീഷ സ്വദേശി കൊല്ലപ്പെട്ടു. പരുക്കേറ്റ ഇയാൾ ചികിത്സയിലായിരുന്നു. ധൻപതി നായിക് (27) എന്നയാളാണ് കൊല്ലപ്പെട്ടത്. തൃശ്ശൂർ കോരപ്പത്ത് ലൈനിലെ വീട് വാടകയ്ക്ക് എടുത്തതാണ് അനാശാസ്യ കേന്ദ്രം നടത്തിയിരുന്നത്. നാല് സ്ത്രീകളും രണ്ട് പുരുഷൻമാരും അറസ്റ്റിലായി. ഒഡീഷ സ്വദേശികളാണ് അനാശാസ്യ കേന്ദ്രം നടത്തിയിരുന്നത്.
കഴിഞ്ഞ 18 ന് രാത്രിയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ യുവാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. പണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇതര സംസ്ഥാനക്കാർക്ക് മാത്രമായിരുന്നു ഇവിടെ പ്രവേശനം.
ധന്‍പതി നായിക്കിന് തലച്ചോറിനാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങി. ഒഡീഷ സ്വദേശിയായ ബിച്ചുനായിക്ക് ആണ് വീട് വാടകയ്ക്ക് എടുത്ത് പെണ്‍വാണിഭ കേന്ദ്രം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇവിടേക്ക് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് മാത്രമാണ് പ്രവേശനം ഉണ്ടായിരുന്നത്. തൃശൂര്‍ നഗരത്തിലാണ് ഈ പെണ്‍വാണിഭ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.
നാട്ടുകാരുടെ ശ്രദ്ധ പതിയാതിരിക്കാന്‍ പുറകുവശം വഴിയാണ് ആളുകളെ ഇതിനകത്ത് പ്രവേശിപ്പിച്ചിരുന്നത്. അസം, ഒഡീഷ സ്വദേശികളായ യുവതികളാണ് പൊലീസിന്റെ പിടിയിലായത്. തൃശൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള രണ്ട് നില കെട്ടിടത്തിലാണ് ഈ പെണ്‍വാണിഭകേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.




