15 June, 2026 03:24:38 PM
പൂച്ചെണ്ടും ലഡുവും കിട്ടി; പക്ഷേ പ്രിയദർശിനി ബസിൽ സൗജന്യ ടിക്കറ്റ് ലഭിച്ചില്ലെന്ന് യുവതികൾ

തൃശൂർ: പ്രിയദർശിനി ബസിൽ യാത്ര ചെയ്ത യുവതികൾക്ക് സൗജന്യ ടിക്കറ്റ് ലഭിച്ചില്ലെന്ന് പരാതി. ഫീമെയിൽ എന്ന് രേഖപ്പെടുത്തിയ ടിക്കറ്റിന് പണം ഈടാക്കിയെന്ന് യുവതികൾ. തൃശൂരിൽ നിന്ന് ചാലക്കുടിയിലേക്ക് യാത്ര ചെയ്തവരാണ് പൂച്ചെണ്ടും ലഡുവും കിട്ടി, പക്ഷെ സൗജന്യം കിട്ടിയില്ലെന്ന പരാതിയുമായി എത്തിയത്.
സൗജന്യ യാത്രാ പദ്ധതിയെക്കുറിച്ച് ചോദിച്ചപ്പോൾ, ടിക്കറ്റിംഗ് സംവിധാനത്തിൽ ആവശ്യമായ അപ്ഡേറ്റ് പൂർത്തിയായിട്ടില്ലെന്ന സാങ്കേതിക കാരണമാണ് ജീവനക്കാർ വിശദീകരണമായി നൽകിയതെന്ന് വിദ്യാർഥിനികൾ പറഞ്ഞു. സംഭവത്തെക്കുറിച്ച് പരാതി അറിയിച്ചിട്ടും ബസിലുണ്ടായിരുന്ന ജനപ്രതിനിധികളും രാഷ്ട്രീയ പ്രവർത്തകരും വിഷയത്തിൽ ഇടപെടാതെ ഫോട്ടോ എടുക്കുന്നതിലും വീഡിയോ ചിത്രീകരിക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും വിദ്യാർഥിനികൾ ആരോപിച്ചു.
പൊതുഗതാഗത മേഖലയിൽ പുതുചരിത്രത്തിന് തുടക്കമിട്ടാണ് കെഎസ്ആർടിസി ഓഡിനറി ബസുകളിൽ സ്ത്രീകളുടെ സൗജന്യയാത്രയ്ക്ക് തുടക്കം കുറിച്ചത്. തിരുവനന്തപുരം തമ്പാനൂർ ബസ് ടെർമിനലിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ആദ്യയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. സ്ത്രീകൾക്ക് സർക്കാർ നൽകുന്ന ഔദാര്യമല്ല, അവരുടെ അവകാശമാണ് സൗജന്യയാത്രയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആവേശത്തോടെയാണ് സംസ്ഥാനമെമ്പാടും സ്ത്രീകൾ പദ്ധതിയെ വരവേറ്റത്. സൗജന്യ സർവീസിൻ്റെ ആദ്യ യാത്രയിലും മുഖ്യമന്ത്രിയും മന്ത്രിമാരും സവാരിക്കാരായി.
പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 3,125 ബസുകളിൽ ഈ സർവീസ് ലഭ്യമാകും. ഓര്‍ഡിനറി, സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി, ടൗണ്‍ ടു ടൗണ്‍, ഫെയര്‍ സ്റ്റേജ് ഓര്‍ഡിനറി, പോയിന്റ് ടു പോയിന്റ് ഓര്‍ഡിനറി, ഗ്രാമവണ്ടി എന്നീ ഏഴ് വിഭാഗങ്ങളിലാണ് സൗജന്യ യാത്ര. ഈ വിഭാഗം ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും സൗജന്യമായി യാത്ര ചെയ്യാവുന്നതാണ് പദ്ധതി.
തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ ഇന്ദിരാ ഗ്യാരൻ്റി എന്ന പേരിൽ കോൺഗ്രസ് മുന്നോട്ട് വച്ച അഞ്ച് ഗ്യാരൻ്റികളിൽ ഒന്നായിരുന്നു സ്ത്രീകൾക്കായുള്ള കെഎസ്ആർടിസി സൗജന്യ യാത്രാ പദ്ധതി. സൗജന്യ യാത്രയ്ക്കായുള്ള ചില നിർദേശങ്ങളും കേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ പങ്കുവച്ചിട്ടുണ്ട്.




