08 July, 2026 09:37:55 AM
പോലീസ് ജീപ്പിന് ഇൻഷുറൻസ് ഉണ്ടായിട്ടും പിഴയിട്ടു; എംവിഡി ഉദ്യോഗസ്ഥനെതിരെ പോലീസ് കേസെടുത്തു

തൃശൂർ :ഇൻഷുറൻസ് നിലവിലുണ്ടായിട്ടും പോലീസ് വാഹനത്തിന് പിഴ ചുമത്തിയ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരെ കേസെടുത്ത് പോലീസ്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന കുറ്റം ചുമത്തി തൃശൂർ ആർടിഒ എൻഫോഴ്സ്മെന്റ് വിഭാഗം എംവിഐ പി.വി. ബിജുവിനെതിരെയാണ് വടക്കാഞ്ചേരി പോലീസ് കേസെടുത്തത്. തിങ്കളാഴ്ച രാത്രി പതിനൊന്നോടെ വടക്കാഞ്ചേരി ഉത്രാളിക്കാവിന് സമീപമാണ് സംഭവം.
വടക്കാഞ്ചേരി എസ്.ഐ ബദറുദ്ദീന്റെ നേതൃത്വത്തിൽ രാത്രികാല പട്രോളിങ് നടത്തുകയായിരുന്ന പോലീസ് ജീപ്പ് മോട്ടർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം വാഹനം കുറുകെയിട്ട് തടയുകയായിരുന്നു. തുടർന്ന് വാഹനത്തിന് ഇൻഷുറൻസും പുക പരിശോധനാ സർട്ടിഫിക്കറ്റും ഇല്ലെന്ന് ചൂണ്ടിക്കാട്ടി എംവിഐ 4000 രൂപ പിഴയിട്ട് ചലാൻ നൽകി. ഇൻഷുറൻസ് ഇല്ലാത്തതിന് 2000 രൂപയും പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് 2000 രൂപയുമാണ് ചുമത്തിയത്. ആ സമയത്ത് രേഖകൾ കൈവശമില്ലാതിരുന്നതിനാൽ പോലീസിന് മറുപടി നൽകാനായില്ല.
എന്നാൽ ചൊവ്വാഴ്ച രാവിലെ സ്റ്റേഷനിലെത്തി രേഖകൾ പരിശോധിച്ചപ്പോഴാണ് പോലീസ് വാഹനത്തിന് 2027 മാർച്ച് 7 വരെ ഇൻഷുറൻസ് കാലാവധിയുണ്ടെന്ന് വ്യക്തമായത്. ഇതിനിടെ പോലീസ് ജീപ്പിന് മോട്ടർ വാഹന വകുപ്പ് പിഴ ചുമത്തിയ വാർത്ത മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിച്ചതോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ടു.
പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് സാധാരണയായി പരമാവധി 250 രൂപ മാത്രം പിഴ ചുമത്താറുള്ള സ്ഥാനത്ത് 2000 രൂപ ഈടാക്കിയതും യഥാർത്ഥ രേഖകൾ പരിശോധിക്കാതെ പരിവാഹൻ വെബ്സൈറ്റിലെ വിവരങ്ങൾ മാത്രം നോക്കി ഇൻഷുറൻസില്ലെന്ന് കാട്ടി പിഴയിട്ടതുമാണ് പോലീസിനെ പ്രകോപിപ്പിച്ചത്. രാത്രികാല പട്രോളിങ് തടസ്സപ്പെടുത്തി മനഃപൂർവം വാർത്ത പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് കേസെടുത്തത്.




