16 June, 2026 07:26:55 PM
മദ്യപാനത്തിനിടെ തർക്കം; തലശ്ശേരിയിൽ വയോധികനെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമം

കണ്ണൂർ: തലശേരിയിൽ പട്ടാപ്പകൽ വയോധികനെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമം. കൂത്തുപറമ്പ് സ്വദേശി നാസറിനെയാണ് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഷാഹിദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തലശേരി ബസ് സ്റ്റാൻഡിലെ മിൽമ ബൂത്തിന് സമീപമാണ് സംഭവം നടന്നത്. ഇരുവരും മദ്യലഹരിയിൽ ആയിരുന്നു എന്ന് പോലീസ് പറഞ്ഞു. വാക് തർക്കമാണ് കൊലപാതകശ്രമത്തിന് കാരണമെന്നാണ് നിഗമനം. മുഹമ്മദ് ഷാഹിദിൻ്റെ കൈയിലുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് നാസറിനെ ആക്രമിക്കുകയായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് നാസറിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. തലശേരി പൊലീസ് മുഹമ്മദ് ഷാഹിദിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



