03 June, 2026 12:34:56 PM


മൈനാഗപ്പള്ളിയിൽ പത്ത് വയസുകാരന് പൊള്ളലേറ്റു; അച്ഛൻ പൊള്ളിച്ചതെന്ന് കുട്ടിയുടെ മൊഴി



കൊല്ലം: പത്തു വയസ്സുള്ള കുട്ടി ശരീരമാസകലം പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍. കൊല്ലം മൈനാഗപ്പള്ളിയിലാണ് സംഭവം. ചൂടുവെള്ളം ശരീരത്തില്‍ വീണതാണെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. എന്നാല്‍ അച്ഛനാണ് പൊള്ളിച്ചതെന്ന് കുട്ടി മൊഴി നല്‍കി. കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സ നല്‍കിയശേഷം കുട്ടിയെ എസ്എടി ആശുപത്രിയിലേക്ക് മാറ്റി.

കുട്ടിയുടെ നെഞ്ച്, വയര്‍, ഇടതു തുടയുടെ ഭാഗം, പുറം ഭാഗം എന്നിവിടങ്ങളിലെല്ലാം സാരമായി പൊള്ളലേറ്റിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. അന്ന് കുട്ടിയെ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോള്‍ പ്രാഥമിക ചികിത്സ നല്‍കി തിരിച്ചയക്കുകയായിരുന്നു. 

ഇന്ന് വീണ്ടും കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോള്‍, അധികൃതര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയെ വിവരം അറിയിച്ചു. അവരുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം ശാസ്താംകോട്ട പൊലീസ് കേസെടുത്തു. സംഭവത്തിന്റെ നിജസ്ഥിതി പൊലീസ് അന്വേഷിച്ചു വരികയാണ്.

അതേസമയം കുട്ടി സ്വയം ചൂടുള്ള കഞ്ഞിവെള്ളം ദേഹത്തേക്ക് ഒഴിച്ചതാണെന്നാണ് ബന്ധു മാധ്യമങ്ങളോട് പ്രതികരിച്ചത്. കുട്ടിയുടെ പിതാവ് മൈനാഗപ്പള്ളിയില്‍ ഇല്ലെന്നും പട്ടാഴിയിലാണെന്നുമായിരുന്നു ബന്ധുവിന്റെ പ്രതികരണം. എന്നാല്‍ കുട്ടിയുടെ ശരീരത്തിലെ പരിക്കുകള്‍ ശരീരത്തിലേക്ക് സ്വയം തിളച്ച വെള്ളമൊഴിക്കുന്ന രീതിയിലുള്ളതല്ലെന്നാണ് ആരോപണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 941