31 May, 2026 11:56:46 AM
ആർത്തവ അവധി പെൺകുട്ടികളുടെ സ്വകാര്യതയെ ബാധിക്കും- നൂര്‍ബിന റഷീദ്

കൊച്ചി: വിദ്യാർത്ഥിനികൾക്ക് ഓരോ മാസവും മൂന്ന് ദിവസത്തെ ആർത്തവ അവധി നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ വനിതാ ലീഗ് നേതാവ് അഡ്വ. നൂര്‍ബിന റഷീദ് രംഗത്ത്. ആർത്തവ അവധി പ്രഖ്യാപിക്കുന്നത് പെൺകുട്ടികളുടെ സ്വകാര്യതയെ ബാധിക്കുമെന്നും അനാവശ്യമായ മാനസിക അസ്വസ്ഥതകൾക്ക് കാരണമാകുമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
വിദ്യാർത്ഥിനികൾക്ക് അവധി നൽകുന്നത് ആരോഗ്യ പ്രശ്നങ്ങളോടുള്ള കരുതലായി കാണാമെങ്കിലും പ്രായോഗികതലത്തിൽ ഇത് കുട്ടികളുടെ സ്വകാര്യതയെ ബാധിക്കുമെന്ന് നൂർബിന റഷീദ് ചൂണ്ടിക്കാട്ടി. സ്കൂളുകളിലും കോളേജുകളിലും ആർത്തവ അവധി ആവശ്യപ്പെടുകയോ അത് രേഖപ്പെടുത്തുകയോ ചെയ്യുമ്പോൾ കുട്ടികളുടെ ആർത്തവ ദിവസങ്ങൾ പരസ്യമാകാൻ സാധ്യതയുണ്ടെന്ന് അവർ പറഞ്ഞു. അതിനാൽ, വിദ്യാർത്ഥിനികളുടെ സ്വകാര്യത പൂർണ്ണമായി സംരക്ഷിക്കുന്ന രീതിയിലുള്ള സംവിധാനങ്ങൾ ഉറപ്പാക്കിയ ശേഷമേ ഇത്തരം നയങ്ങൾ നടപ്പാക്കാവൂ എന്ന് അവർ ആവശ്യപ്പെട്ടു.
നൂര്‍ബിന റഷീദിന്റെ ഫേസ്ബുക്ക് കുറിപ്പ്
'ആര്‍ത്തവ അവധി പ്രഖ്യാപിക്കുന്നത് പെണ്‍കുട്ടികളുടെ ആരോഗ്യപ്രശ്‌നങ്ങളോടുള്ള കരുതലായി കാണാമെങ്കിലും, അത് പ്രായോഗികമായി പെണ്‍കുട്ടികളുടെ സ്വകാര്യതയെ ബാധിക്കുന്ന സാഹചര്യം സൃഷ്ടിക്കാം. സ്‌കൂളുകളിലും കോളേജുകളിലും ആര്‍ത്തവ അവധി ആവശ്യപ്പെടുകയോ രേഖപ്പെടുത്തുകയോ ചെയ്യുമ്പോള്‍ ആര്‍ത്തവ ദിവസങ്ങള്‍ പരസ്യമാകാന്‍ സാധ്യതയുണ്ട്. ഇത് പല. കുട്ടികള്‍ക്കും അനാവശ്യമായ മാനസിക അസ്വസ്ഥത ഉണ്ടാക്കിയേക്കാം……അതിനാല്‍, പെണ്‍കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്ന രീതിയിലുള്ള സംവിധാനങ്ങള്‍ ഉറപ്പാക്കിയ ശേഷമേ ഇത്തരം നയങ്ങള്‍ നടപ്പാക്കാവൂ.'




