29 April, 2026 07:45:47 PM
കലഞ്ഞൂര്‍ അനന്തു കൊലപാതകം; പ്രതിക്ക് ജീവപര്യന്തം കഠിന തടവ്

പത്തനംതിട്ട: കലഞ്ഞൂര്‍ അനന്തു കൊലക്കേസില്‍ പ്രതി ശ്രീകുമാറിന് ജീവപര്യന്തം കഠിന തടവും മൂന്നുലക്ഷം രൂപ പിഴയും. പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നും അങ്ങേയറ്റം ഹീനമായ കുറ്റകൃത്യമെന്നും ശിക്ഷ വിധിച്ച പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി പറഞ്ഞു. 2023 ഫെബ്രുവരിയില്‍ ആയിരുന്നു അനന്തുവിനെ ശ്രീകുമാര്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്.
തന്റെ ഭാര്യയുമായി അനന്തുവിന് ബന്ധമുണ്ടെന്ന് സംശയിച്ചായിരുന്നു ശ്രീകുമാര്‍ അനന്തുവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പം കലഞ്ഞൂര്‍ കനാലിനോട് അരക്കിലോമീറ്റര്‍ അകലത്തായി ഇരിക്കുകയായിരുന്ന അനന്തുവിനെ എല്ലാവരും പോയശേഷം കമ്പി കൊണ്ട് തലയ്ക്കടിച്ച് ശ്രീകുമാര്‍ കൊലപ്പെടുത്തി. പിന്നീട് മൃതദേഹം കനാലില്‍ ഉപേക്ഷിച്ചു. രണ്ടുദിവസത്തിനുശേഷം അനന്തുവിന്റെ മൃതദേഹം കണ്ടെത്തി.
കൊലപ്പെടുത്തിയ സ്ഥലത്ത് നിന്ന് കനാലിലേക്ക് അനന്തുവിനെ കൊണ്ടുപോയ സ്ഥലത്ത് നിന്ന് ചോരപ്പാടുകളും പോലീസ് ശേഖരിച്ചു. മൃതദേഹത്തില്‍ അടിയേറ്റത്തിന്റെ പാടുകള്‍ കണ്ടതോടെ സംഭവം കൊലപാതകം ആണെന്ന് പോലീസ് സംശയിച്ചു. ഇന്‍ക്വസ്റ്റിലും പോസ്റ്റ്‌മോര്‍ട്ടത്തിലും അനന്തുവിന്റേത് മുങ്ങിമരണം അല്ല കൊലപാതകം എന്ന് തെളിഞ്ഞു. ഇതോടെ സംഭവം നടന്ന് രണ്ട് ദിവസത്തിനകം അയല്‍വാസിയായിരുന്ന ശ്രീകുമാര്‍ പിടിയിലായി.
സാഹചര്യ, ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചായിരുന്നു പിന്നീടുള്ള അന്വേഷണം. പ്രതി കുറ്റക്കാരന്‍ എന്ന കോടതി കണ്ടെത്തിയതോടെ ശ്രീകുമാറിന് ജീവപര്യന്തം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും വിധിച്ചു.സംഭവവുമായി ബന്ധപ്പെട്ട് കൂടല്‍ പൊലീസ് എല്ലാ തെളിവുകളും ശേഖരിച്ചിരുന്നു. 28 വയസുകാരനായിരുന്നു കൊല്ലപ്പെട്ട അനന്തു.




