07 April, 2026 09:45:41 PM
പത്തനംതിട്ടയിൽ സ്ലിപ്പ് വിതരണത്തിനിടെ സിപിഎം പ്രവർത്തകന് വെട്ടേറ്റു; പ്രതി പിടിയിൽ

പത്തനംതിട്ട: ഏഴംകുളം അറുകാലിക്കലിൽ അയൽവാസിയുടെ വെട്ടേറ്റ് സിപിഎം പ്രവർത്തകന് പരിക്ക്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ലിപ്പ് വിതരണം നടത്തുന്നതിനിടെയാണ് സംഭവം. അറുകാലിക്കൽ സ്വദേശി രാധാകൃഷ്ണനാണ് വെട്ടേറ്റത്. രാധാകൃഷ്ണന്റെ അയൽവാസി അലക്സ് ആണ് ആക്രമണത്തിന് പിന്നിൽ. രാധാകൃഷ്ണന് തലയ്ക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തെ തുടർന്ന് രാധാകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അലക്സ് സജീവ കോൺഗ്രസ് പ്രവർത്തകനാണെന്നും രാഷ്ട്രീയ വിദ്വേഷം മൂലമുള്ള ആക്രമണമാണെന്നും ആരോപിച്ച് സിപിഎം നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ അയൽവാസികൾ തമ്മിലുണ്ടായ തർക്കമാണിതെന്നാണ് പോലീസ് അറിയിക്കുന്നത്. സംഭവത്തിന് പിന്നാലെ അലക്സിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന് ഉപയോഗിച്ച ആയുധവും കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് വ്യക്തമാക്കി.




