22 March, 2026 12:04:41 PM
സദ്യയ്ക്ക് പായസം കൊടുത്തില്ല; ആലപ്പുഴയിൽ വിളമ്പുകാരനെ യുവാവ് കല്ലുകൊണ്ടിടിച്ചു

ആലപ്പുഴ: നേർച്ചസദ്യക്കിടെ പായസം വിളമ്പാത്തതിനെ ചൊല്ലിയുണ്ടായ തർക്കം മർദനത്തിൽ കലാശിച്ചു. സദ്യ വിളമ്പിയ ആളെ കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ച 32-കാരനെതിരെ പോലീസ് കേസെടുത്തു. ഔസേപ്പിതാവിന്റെ തിരുനാളുമായി ബന്ധപ്പെട്ട് നടന്ന സദ്യക്കിടെയാണ് സംഭവം.
പായസം നൽകാത്തതിൽ പ്രകോപിതനായ യുവാവ് വിളമ്പുകാരനെ ആക്രമിക്കുകയായിരുന്നു. മർദനത്തിന് പുറമെ, വിളമ്പുകാരന്റെ വീട്ടിലെത്തി അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തതായും പരാതിയുണ്ട്. സംഭവത്തിൽ പ്രതിക്കെതിരെ ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തു. തുടർന്ന് ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.




