13 March, 2026 09:50:30 AM
പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറി ബാബു ദിവാകരൻ രാജിവച്ചു

പത്തനംതിട്ട: അടൂർ സീറ്റിൽ പരിഗണിച്ചില്ലെന്ന് ആരോപിച്ച് പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറി ബാബു ദിവാകരൻ രാജിവച്ചു. കെപിസിസി സാംസ്കാരിക സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. അടൂർ നഗരസഭാ മുൻ ചെയർമാനാണ് അഡ്വക്കേറ്റ് സി വി ശാന്തകുമാറിനെ അടൂരിൽ നേതൃത്വം ഏകദേശം ഉറപ്പിച്ചു എന്ന വിവരം വന്നതോടെയാണ് രാജി. കോന്നി സ്വദേശിയാണ് ശാന്തകുമാർ. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗമാണ് അദ്ദേഹം. ബാബു ദിവാകരൻ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയേക്കും.
അടൂർ മണ്ഡലത്തിൽ ജില്ലയ്ക്ക് പുറത്ത് നിന്നും സ്ഥാനാർത്ഥിയെ പരിഗണിക്കുന്നതിലെ എതിർപ്പാണ് ബാബു ദിവാകരൻ്റെ രാജിക്ക് പിന്നിൽ. അടൂരിൽ തന്നെ പരിഗണിച്ചില്ലെങ്കിലും ജില്ലയിൽ നിന്നുള്ളവരെ തന്നെ പരിഗണിക്കണമെന്നാണ് ബാബു ദിവാകരൻ്റെ ആവശ്യം. നേരത്തെ അടൂർ മണ്ഡലത്തിൽ ബാബു ദിവാകരൻ്റെ പേരും പരിഗണിച്ചിരുന്നു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ അടൂർ നഗരസഭയിൽ യുഡിഎഫിനെ അധികാരത്തിൽ എത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച നേതാവാണ് ബാബു ദിവാകരൻ. കെപിസിസി സംസ്കാര സാഹിതി സംസ്ഥാന സെക്രട്ടറി കൂടിയാണ് ബാബു ദിവാകരൻ.




