11 February, 2026 11:31:38 AM
നാലു വയസുകാരിയെ കാണാതായ സംഭവം; തട്ടിക്കൊണ്ടുപോകലെന്ന് സ്ഥിരീകരണം, പ്രതി പിടിയില്‍

വയനാട്: വയനാട് മാനന്തവാടിയില്‍ നാലു വയസുകാരിയെ കാണാതായ സംഭവം തട്ടിക്കൊണ്ടു പോകല്‍ തന്നെയെന്ന് സ്ഥിരീകരണം. സംഭവത്തില്‍ പ്രതി പടിഞ്ഞാറത്തറ സ്വദേശി ജിഹാസ് പൊലീസ് പിടിയിലായി. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ശനിയാഴ്ച രാത്രിയാണ് വീട്ടില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന നാലുവയസുകാരിയെ കാണാതായത്. രാത്രി 7.50ന് പുലിക്കാട് ഭാഗത്തുനിന്ന് ഒരാള്‍ ഇരുചക്ര വാഹനം ഓടിച്ച് പോകുന്നതിന്റെയും ബിജുവിന്റെ വീടിനു സമീപം നിര്‍ത്തുന്നതിന്റെയും അല്‍പസമയം കഴിഞ്ഞു കുട്ടിയുമായി പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.
ദൃശ്യങ്ങളുടെ അടസ്ഥാനത്തില്‍ പൊലീസ് വ്യാപക തിരച്ചില്‍ നടത്തുകയായിരുന്നു. പൊലീസ് മറ്റ് സ്റ്റേഷനുകളിലേക്ക് വിവരം കൈമാറി വാഹന പരിശോധന തുടങ്ങി. 2 മണിക്കൂറിന് ശേഷം രാത്രി പത്തോടെയാണു കിലോമീറ്ററുകള്‍ക്ക് അപ്പുറം തരുവണ പാലയാണ കക്കടവ് റോഡരികില്‍ കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടത്. ദ്വാരകയില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള സ്ഥലത്ത് കുട്ടി എങ്ങനെ എത്തിപ്പെട്ടുവെന്ന അന്വേഷണത്തിലായിരുന്നു പൊലീസ്. മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.



