20 August, 2025 09:36:29 PM
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ധനസഹായം: അപേക്ഷ ക്ഷണിച്ചു

കോട്ടയം: 2024-25 അധ്യയനവർഷത്തിൽ എസ്.എസ്.എൽ.സി./ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടു/വി.എച്ച്.എസ്.സി. പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവരുടെ കുട്ടികൾക്ക് ധനസഹായം നൽകുന്നു. 2025 മാർച്ചിൽ നടത്തിയ എസ്.എസ്.എൽ.സി. / ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 75-ഉം അതിൽ കൂടുതലും പോയിന്റ് നേടിയ വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് അപേക്ഷിക്കാം. കൂടാതെ 2024-25 അധ്യയന വർഷത്തെ പ്ലസ് ടു/വി.എച്ച്.എസ്.സി. അവസാന വർഷ പരീക്ഷയിൽ 85 ശതമാനം മാർക്കിൽ കുറയാതെയുള്ള വിദ്യാർഥികളുടെ രക്ഷിതാക്കൾക്കും അപേക്ഷിക്കാം. എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെടുന്ന അംഗങ്ങളുടെ കുട്ടികൾക്ക് മാർക്ക് മാനദണ്ഡത്തിൽ അഞ്ചുശതമാനം ഇളവുണ്ട്. വിദ്യാർഥികൾ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ കേരളാ സ്റ്റേറ്റ് സിലബസിൽ പഠിച്ചവരും ആദ്യ അവസരത്തിൽത്തന്നെ വിജയിച്ചവരും ആയിരിക്കണം. പരീക്ഷാത്തീയതിക്ക് തൊട്ടുമുൻപുള്ള മാസത്തിൽ അംഗം 12 മാസത്തെ അംഗത്വകാലം പൂർത്തീകരിക്കണം. പരീക്ഷാ തീയതിയിൽ 24 മാസത്തിൽ കൂടുതൽ കുടിശ്ശിക ഉണ്ടാകാൻ പാടില്ല. അപേക്ഷാ തീയതിയിലും അംഗത്തിന് കുടിശ്ശിക പാടില്ല. കുടിശ്ശിക നിവാരണത്തിലൂടെ അംഗത്വം പുനഃസ്ഥാപിച്ച അംഗങ്ങൾക്ക് അവരുടെ കുടിശ്ശിക കാലയളവിൽ നടന്ന പരീക്ഷയ്ക്ക് അപേക്ഷ നൽകാൻ സാധിക്കില്ല. അപേക്ഷ ഓഗസ്റ്റ് 30ന് വൈകിട്ട് അഞ്ചുമണി വരെ ജില്ലാ ഓഫീസുകളിലും അപ്പീൽ അപേക്ഷകൾ സെപ്റ്റംബർ 15 വരെ ചീഫ് ഓഫീസിലും നൽകാം. വിശദവിവരങ്ങൾക്ക് www.agriworkersfund.org എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ജില്ലാ എക്സിക്യൂട്ടീവ് ഓഫിസുമായി ബന്ധപ്പെടുകയോ ചെയ്യാം. ഫോൺ: 0481-2585604.



