11 September, 2026 04:35:52 PM


ഭാര്യ മരിച്ച് ഒരു മാസം തികയും മുൻപേ ഭർത്താവും ജീവനൊടുക്കി



വെള്ളരിക്കുണ്ട്: കാസര്‍കോട് പരപ്പ ബിരിക്കുളത്ത് ഭാര്യ ആത്മഹത്യ ചെയ്തതിന്റെ വിഷമം സഹിക്കാനാവാതെ ഭര്‍ത്താവ് വീടിനുള്ളില്‍ ജീവനൊടുക്കി. കൊട്ടമടലിലെ പരേതരായ പൊക്കന്‍-വട്ടിച്ചി ദമ്പതികളുടെ മകന്‍ പവിത്രനെ (58)യാണ് ഇന്നലെ രാത്രി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

കഴിഞ്ഞമാസം 14-നാണ് പവിത്രന്റെ ഭാര്യയും കാര്യാട്ടുചാല്‍ സ്വദേശിനിയുമായ ഗീത വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഗീതയുടെ വിയോഗത്തില്‍ കടുത്ത മനോവിഷമത്തിലായിരുന്നു പവിത്രന്‍. ഗീത ആത്മഹത്യ ചെയ്ത അതേ മുറിയിലാണ് പവിത്രനും ജീവനൊടുക്കിയത്. വിവരമറിഞ്ഞ് വെള്ളരിക്കുണ്ട് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. 

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വൈശാഖ്, വൈഷ്ണവ് എന്നിവരാണ് പവിത്രന്‍-ഗീത ദമ്പതികളുടെ മക്കള്‍. വൈശാഖ് പരപ്പയില്‍ ജീപ്പ് ഡ്രൈവറും വൈഷ്ണവ് ബസ് കണ്ടക്ടറുമാണ്. കുഞ്ഞിരാമന്‍, നാരായണി, സാവിത്രി, പരേതനായ ഭാസ്‌കരന്‍ എന്നിവരാണ് പവിത്രന്റെ സഹോദരങ്ങള്‍.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K