11 September, 2026 11:52:18 AM
സിഎംആര്‍എല്ലില്‍ നിന്നും ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും പണം കൈപറ്റി; ഉദ്യോഗസ്ഥന്‍റെ മൊഴി പുറത്ത്

തിരുവനന്തപുരം: സിഎംആര്‍എല്ലില്‍ നിന്നും കോടികള്‍ വാങ്ങിയവരില്‍ യുഡിഎഫ് നേതാക്കളും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ക്കെതിരെയാണ് മൊഴി. സിഎംആർഎല്ലിൽ നിന്നും പണം കെെപ്പറ്റിയവരുടെ പട്ടികയിൽ കെ കെ, എ ജി, ഒ സി, പി വി, ഐ കെ, ആര്‍ സി എന്നിങ്ങനെ ചില ചുരുക്കപ്പേരുകള്‍ ഉണ്ടായിരുന്നു. അത് ആരുടേതാണെന്ന് ഇ ഡിക്ക് മുന്നില്‍ വിശദീകരിക്കുകയായിരുന്നു സിഎംആര്‍എല്‍ കമ്പനിയിലെ ഉദ്യോഗസ്ഥന്‍.
അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണ ടി, മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവരടക്കം 12 പേരുകളാണ് ഉണ്ടായിരുന്നത്. യുഡിഎഫ് നേതക്കളുടെ പേരുകള്‍ പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍ സിഎംആര്‍എല്‍ കമ്പനിയില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്ന് ഇന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു. കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നീ സ്ഥാനങ്ങള്‍ വഹിച്ച ഘട്ടത്തില്‍ പാര്‍ട്ടി ഫണ്ട് എന്ന നിലയിലാണ് പണം വാങ്ങിയതെന്നും എത്ര പണമാണ് വാങ്ങിയതെന്ന് ഓര്‍മയില്ലെന്നുമായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്.
ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസ് എടുക്കയാണെങ്കില്‍ അത് ബിജെപി കോണ്‍ഗ്രസ് ഡീല്‍ ആണെന്ന് നേരത്തെ തന്നെ സിപിഎം നേതാക്കള്‍ ആരോപിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങുന്ന സമീപനമാണിതെന്നും സിപിഎം ആരോപിച്ചിരുന്നു. യുഡിഎഫിന്റെ ഭരണകാലത്താണ് അനധികൃത ഇടപാട് നടന്നതെന്നും ഡയറിയില്‍ യുഡിഎഫ് നേതാക്കള്‍ ഉള്‍പ്പെട്ടിട്ടും എന്തുകൊണ്ടാണ് കേസ് എടുക്കാത്തതെന്ന് സിപിഎം ചോദിക്കുന്നു.
ഡയറിയില്‍ കെകെ, എജി, ഒസി, പിവി, ഐകെ, ആര്‍സി എന്നീ ചുരുക്കപ്പേരിലാണ് പേരുകള്‍ രേഖപ്പെടുത്തിയത്. കെകെ എന്നത് കുഞ്ഞാലിക്കുട്ടി, എജി എ ഗോവിന്ദനാണെന്നും ഒസി ഉമ്മന്‍ചാണ്ടിയാണെന്നും പിവി പിണറായി വിജയനാണെന്നും ഐകെ ഇബ്രാഹിം കുഞ്ഞെന്നും ആര്‍സി രമേശ് ചെന്നിത്തലയാണെന്നുമാണ് ഉദ്യോഗസ്ഥന്‍ മൊഴി നല്‍കിയത്.
പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവനനായി സിഎംആര്‍എല്‍ ഉടമയില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്ന് യുഡിഎഫ് നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ മുന്‍മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ തലങ്ങള്‍ വേറെയാണെന്നും അത് സര്‍ക്കാര്‍ കൂടി ഉള്‍പ്പട്ടെ രാഷ്ട്രീയ അഴിമതിയാണെന്നും അതിനെ ഇതുമായി താരതമ്യം ചെയ്യരുതെന്നുമാണ് യുഡിഎഫ് നേതാക്കള്‍ പറയുന്നത്. ഡയറിയിലെ ചുരുക്കപ്പേരുകള്‍ പുറത്തുവന്നപ്പോള്‍ തന്നെ പിവി യെന്നത് താനല്ലെന്ന് പിണറായി വിജയന്‍ പറഞ്ഞിരുന്നു.


