05 October, 2026 12:49:15 PM
മലപ്പുറത്ത് ജനപ്രതിനിധികളെ വെള്ളത്തിലേക്ക് തള്ളിയിട്ട് കുളം ഉത്ഘാടനം

മലപ്പുറം: ഇതുപോലൊരു കുളം ഉദ്ഘാടനം ഈ ലോകത്ത് വേറെ ഉണ്ടാകില്ലെന്ന ക്യാപ്ഷനോടെയാണ് ഈ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മങ്കട എംഎല്‍എ മഞ്ഞളാം കുഴി അലി എംഎല്‍എ പിച്ചാണിപ്പറമ്പ് തോണിക്കരയിലെ തിരുത്തില്‍ കുളം ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. നീന്തല്‍കുളത്തിന്റെ നാട മുറിച്ച ശേഷം പഞ്ചായത്തംഗത്തെ എംഎല്‍എ തന്നെ കുളത്തിലേക്ക് തള്ളിയിടുകയായിരുന്നു.
അങ്ങാടിപ്പുറം പഞ്ചായത്ത് മെമ്പര്‍ ഷബീര്‍ മാഞ്ഞാമ്പ്രയെയാണ് എംഎല്‍എ കുളത്തിലേക്ക് തള്ളിയിട്ടത്. കുളത്തില്‍ നിന്ന് കയറിയ ഷബിര്‍ മാഞ്ഞമ്പ്ര പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബഷീറയെ വെള്ളത്തിലേക്ക് തള്ളിയിട്ടാണ് കുളം നാടിന് സമര്‍പ്പിച്ചത്.
നേരത്തെ പ്ലാന്‍ ചെയ്തതനുസരിച്ചാണ് പഞ്ചായത്ത് അംഗത്തെ വെള്ളത്തിലേക്ക് തള്ളിയിട്ട് വേറിട്ട ഉദ്ഘാടനം നടത്തിയതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നുവെങ്കിലും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ വെള്ളത്തിലേക്ക് വലിച്ചിട്ടത് അങ്ങനെയായിരുന്നില്ല. എല്ലാവരും ഇത് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ ഉള്‍ക്കൊണ്ടതുകൊണ്ടും ഉദ്ഘാടനം വ്യത്യസ്തമായി.


