03 October, 2026 06:05:05 PM


കൂമ്പാറയിൽ ട്രാവലർ മറിഞ്ഞ് അപകടം; 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം



കോഴിക്കോട്: വിനോദസഞ്ചാര കേന്ദ്രമായ കക്കാടംപൊയിലിൽ നിന്ന് മടങ്ങുകയായിരുന്ന വിനോദയാത്രാ സംഘത്തിന്റെ ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞ് 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. കാളികാവ് സ്വദേശി അമിത്ഷ് അദാം ആണ് മരിച്ചത്. കോഴിക്കോട് മാതൃ സംരക്ഷണ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അപകടത്തില്‍ കുട്ടികളടക്കം ഇരുപതോളം പേർക്ക് പരിക്ക്.  ഇന്ന് ഉച്ചക്ക് ഒന്നരയോടെ  മേലേ കൂമ്പാറ വെച്ചാണ് അപകടമുണ്ടായത്. മലപ്പുറം കാളികാവ് സ്വദേശികളാണ് വാഹത്തിലുണ്ടായിരുന്നത്. 

നിയന്ത്രണം വിട്ട വാഹനം റോഡിലെ ഡിവൈഡറിലും സമീപത്തെ തെങ്ങിലും ഇടിച്ച ശേഷമാണ് താഴ്ചയിലേക്ക് മറിഞ്ഞത്. തെങ്ങിൽ ഇടിച്ചതിനാൽ വാഹനത്തിന്റെ വേഗത കുറയുകയും വൻ ദുരന്തം ഒഴിവാകുകയുമായിരുന്നു. വണ്ടിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും ബാക്കിയുള്ളവരെ അരീക്കോട്, തിരുവമ്പാടി എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട ഭൂരിഭാഗം പേർക്കും ശരീരത്തിൽ ഒടിവും ചതവുമേറ്റിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 302