17 August, 2026 10:07:00 AM


പാലക്കാട് ഒരു കോടി രൂപയുടെ ലഹരി വസ്തുക്കളുമായി ദമ്പതികളും സുഹൃത്തും പിടിയിൽ



പാലക്കാട്: പാലക്കാട് വൻ മയക്കുമരുന്ന് വേട്ട. ഒരു കിലോ എം.ഡി.എം.എയുമായി സ്ത്രീ ഉൾപ്പെടെ മൂന്നുപേരെ പൊലീസ് പിടികൂടി. ഒലവക്കോട് വെച്ച് നടന്ന് പരിശോധനയിലാണ് കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിസിൻ, വേങ്ങര സ്വദേശി അസറുദീൻ, ഇയാളുടെ ഭാര്യയും മംഗലാപുരം സ്വദേശിയുമായ ബീഫാത്തിമ എന്നിവർ പൊലീസിന്റെ പിടിയിലായത്.

വിപണിയിൽ ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. എം.ഡി.എം.എയ്ക്ക് പുറമെ കൊക്കെയ്ൻ, ഹൈബ്രിഡ് കഞ്ചാവ്, എൽ.എസ്.ഡി സ്റ്റാമ്പുകൾ എന്നിവയും പ്രതികളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഓണക്കാലത്തെ പ്രത്യേക വിൽപന ലക്ഷ്യമിട്ടാണ് പ്രതികൾ കേരളത്തിലേക്ക് ലഹരിമരുന്ന് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.

തമിഴ്‌നാട്ടിൽ നിന്ന് വാടകയ്‌ക്കെടുത്ത ഇന്നോവ കാറിൽ ബെംഗളൂരുവിൽ നിന്നാണ് സംഘം ലഹരിക്കടത്ത് നടത്തിയത്. ലഹരിമരുന്ന് കടത്ത് സംഘത്തിലെ സ്ഥിരം കുറ്റവാളികളാണ് പിടിയിലായ മൂന്നുപേരുമെന്ന് പൊലീസ് വ്യക്തമാക്കി. ഇവർക്ക് പിന്നിൽ പ്രവർത്തിക്കുന്ന വൻ ലഹരി റാക്കറ്റിനെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 932