15 September, 2026 10:24:51 AM


'സുരക്ഷയില്ല'; പാലക്കാട് സർക്കാർ ആശുപത്രിയിൽ സീലിംഗ് അടർന്നുവീണു



പാലക്കാട്: പാലക്കാട് കുട്ടികളുടെയും വനിതകളുടെയും സർക്കാർ ആശുപത്രിയിൽ പ്ലാസ്റ്റിക് സീലിംഗ് അടർന്നുവീഴുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം. ആർക്കും പരിക്ക് ഇല്ല. ആശുപത്രിയിൽ രോഗികൾക്ക് ഓപി ടിക്കറ്റ് നൽകുന്ന കൗണ്ടറിന് തൊട്ടുമുന്നിലുള്ള സീലിംഗ് ആണ് പൂർണ്ണമായും നിലത്തേക്ക് അടർന്നു വീണത്.

രാവിലെ ധാരാളം സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ ഓപി ടിക്കറ്റെടുക്കാൻ വരാനിരിക്കെയാണ് വലിയ ശബ്ദത്തോടെ സീലിംഗ് തകർന്നുവീണത്. സീലിംഗ് പ്ലാസ്റ്റിക് മെറ്റീരിയൽ ആയതുകൊണ്ട് ആളുകൾക്ക് വലിയ രീതിയിലുള്ള അപായമോ പരിക്കുകളോ ഉണ്ടാകാതെ രക്ഷപ്പെട്ടു. സിമന്റ് സീലിംഗ് ആയിരുന്നെങ്കിൽ വലിയ അപകടമുണ്ടാകുമായിരുന്നുവെന്നാണ് ആശുപത്രിയിൽ ഉണ്ടായിരുന്നവർ പറയുന്നത്.

ഫൈബർ ഷീറ്റുകൾ പിടിപ്പിക്കാൻ വളരെ ചെറിയ സ്ക്രൂകൾ മാത്രമാണ് ഉപയോഗിച്ചിരുന്നതെന്നും, നിർമ്മാണത്തിൽ യാതൊരു സുരക്ഷയോ ശ്രദ്ധയോ പുലർത്തിയിട്ടില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. അപകടം നടന്നയുടൻ ആളുകൾ പുറകോട്ട് മാറിയതിനാലും, നഴ്സുമാരും മറ്റുള്ളവരും ചേർന്ന് അപകടകരമായി തൂങ്ങിക്കിടന്ന ഭാഗങ്ങൾ വലിച്ചിട്ട് മാറ്റിയതിനാലും വൻ അപകടം ഒഴിവാക്കാനായെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവർ പറയുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 291