10 August, 2026 01:33:24 PM


പാലക്കാട്‌ പന്നിക്ക് വച്ച കെണിയിൽപ്പെട്ട് യുവാവ് ഷോക്കേറ്റ് മരിച്ചു



പാലക്കാട്: കാട്ടുപന്നിക്ക് വച്ച കെണിയിൽ അകപ്പെട്ട് യുവാവ് ഷോക്കേറ്റ് മരിച്ചു. കൊപ്പം കുലുക്കല്ലൂർ തത്തനംപുള്ളിയിൽ മുള്ളത്ത് വീട്ടിൽ രവി (30) ആണ് മരിച്ചത്. ഓഗസ്റ്റ് 10 രാവിലെയാണ് പാടത്ത് രവിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. രാവിലെ ആറുമണിയോടെ കൃഷിയിടത്തിന്റെ ഉടമ തത്തനംപുള്ളി സ്വദേശി മനോജ് സ്ഥലത്തെത്തിയപ്പോഴാണ് രവി മരിച്ചു കിടക്കുന്നത് കണ്ടത്. തുടർന്ന് മനോജ് കൊപ്പം പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു. 

മനോജിനെ  പൊലീസ്  കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ രാത്രി ബൈക്ക് തകരാറിലായതിനെ തുടർന്ന് റോഡരികിൽ ബൈക്ക് പാർക്ക് ചെയ്ത ശേഷം, വീട്ടിലേക്ക് പോകുന്നതിനായി മറ്റൊരു കൃഷിയിടത്തിലൂടെയുള്ള നടവഴി ഉപയോഗിച്ച് പോകുന്നതിനിടെയാണ് അപകടമുണ്ടായത് എന്നാണ് സൂചന. പന്നിയെ പിടികൂടുന്നതിനായി സ്ഥാപിച്ച വൈദ്യുതി കെണിയിൽപ്പെട്ടാണ് രവിക്ക് ഷോക്കേറ്റത്.

മനോജിനെതിരെ മന:പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുമെന്ന് കൊപ്പം പൊലീസ് അറിയിച്ചു. മറ്റേതെങ്കിലും വകുപ്പുകൾ കൂടി ചുമത്തണമോയെന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണ്. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. തുടർന്ന് പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾ നടത്തും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 298