08 August, 2026 06:27:32 PM


പോത്തുണ്ടി കൊലപാതകം: സുധാകരന്‍റെ മക്കള്‍ക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാക്കും- മന്ത്രി രമേശ് ചെന്നിത്തല



പാലക്കാട്: പോത്തുണ്ടിയില്‍ കൊല്ലപ്പെട്ട സുധാകരന്റെയും ഭാര്യ സജിതയുടെയും മക്കളായ അഖിലയ്ക്കും അതുല്യയ്ക്കും സര്‍ക്കാര്‍ ജോലി ഉറപ്പാക്കുമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. മക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇക്കാര്യം മന്ത്രി കുടുംബത്തെ അറിയിച്ചു.

സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസില്‍ പ്രതി ചെന്താമരയ്ക്ക് കഴിഞ്ഞ ജൂലൈ 20ന് പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചിരുന്നു. 20 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. പിഴത്തുക ചെന്താമരയ്ക്ക് അടയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ തുക നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന് നിരീക്ഷിച്ചായിരുന്നു കോടതിയുടെ വിധി.

2025 ജനുവരിയിലാണ് നെന്മാറയെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര പതിയിരുന്ന് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു ഈ അരുംകൊല. സുധാകരനെയും അമ്മയെയും കൊലപ്പെടുത്തിയ ശേഷം കാട്ടിലേക്ക് രക്ഷപ്പെട്ട ചെന്താമരയെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് പൊലീസ് പിടികൂടിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 940