27 July, 2026 11:20:08 AM


പല്ലശ്ശനയിൽ മധ്യവയസ്കന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി



കൊല്ലങ്കോട്: പല്ലശ്ശനയിൽ മധ്യവയസ്കന്റെ മൃതദേഹം വീടിനകത്തെ കിടപ്പുമുറിയിൽ അഴുകിയനിലയിൽ കണ്ടെത്തി. പല്ലശ്ശന പൂളപ്പറമ്പ് ചാന്തിരം വീട്ടിൽ പൊന്നന്റെ (57) മൃതദേഹമാണ് ഞായറാഴ്ച രാവിലെ പത്തോടെ കണ്ടെത്തിയത്. കട്ടിലിൽ മലർന്നുകിടക്കുന്ന നിലയിലുള്ള മൃതദേഹത്തിന് രണ്ടാഴ്ചപഴക്കമുള്ളതായി പോലീസ് സംശയിക്കുന്നു. 

പൊന്നന്റെ ഭാര്യ വസന്ത അസുഖബാധയെത്തുടർന്ന് അടുത്തിടെയാണ് മരിച്ചത്. മൂത്തമകൾ അശ്വതിയെ പെരുവെമ്പിലാണ് വിവാഹം കഴിപ്പിച്ചിരിക്കുന്നത്. രണ്ടാമത്തെ മകൾ അപർണ കോയമ്പത്തൂരിലെ ഒരു ആശുപത്രിയിൽ നഴ്‌സ്‌ ആയി ജോലിചെയ്യുകയാണ്. വീടിന്റെ മുൻവാതിൽ എപ്പോഴും പൂട്ടിയിടുകയും പിൻവശത്തുകൂടി മാത്രം പോക്കുവരവ് നടത്തുകയും ചെയ്തിരുന്നതിനാൽ പരിസരവാസികളും ശ്രദ്ധിച്ചില്ല. 

ഇടയ്ക്ക് വീടു പൂട്ടി പൊന്നൻ മകളുടെ വീട്ടിൽ പോകാറുള്ളതിനാൽ മരിച്ചത് ആരും അറിഞ്ഞില്ല. ഞായറാഴ്ച രാവിലെ പൊന്നനെ അന്വേഷിച്ചുവന്ന ഒരു ബന്ധു ഏറെ വിളിച്ചിട്ടും വിളികേൾക്കാതായപ്പോൾ പരിസരവാസികളുടെ സഹായത്തോടെ പൂട്ട് കുത്തിത്തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. മുറിയിലെ ഫാൻ കറങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. 

രണ്ടുദിവസം മുൻപ്‌ വീടിന്റെ ഭാഗത്തുനിന്നും ദുർഗന്ധം വന്നിരുന്നുവെങ്കിലും വാമലയോട് ചേർന്ന പ്രദേശമായതിനാൽ പന്നിയോ മറ്റോ ചത്തുകിടക്കുന്നതാകാമെന്നാണ് പരിസരവാസികൾ കരുതിയത്. ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം തിങ്കളാഴ്ച പോസ്റ്റ്മോർട്ടം നടത്തുന്നതോടെ മാത്രമെ മരണകാരണം വ്യക്തമാകുകയുള്ളൂ. കൊല്ലങ്കോട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 305