24 July, 2026 11:46:15 AM


ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 13 വർഷത്തിന് ശേഷം പിടികൂടി



തിരൂർ: ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം ഒളിവിൽ കഴിയുകയായിരുന്ന വധശ്രമക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ 13 വർഷത്തിന് ശേഷം തിരൂർ പൊലീസ് പിടികൂടി. 2013 മുതൽ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കപ്പെട്ടിരുന്ന പടിഞ്ഞാറേക്കര പണ്ടായി സ്വദേശി സുലൈമാൻ (47), ഹംസയുടെ മകൻ, മരക്കാരകത്ത് ഹൗസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

2013-ൽ രജിസ്റ്റർ ചെയ്ത വധശ്രമക്കേസ് ഉൾപ്പെടെ പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയായ സുലൈമാൻ ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിയുകയായിരുന്നു. തുടർന്ന് ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ തിരൂർ പൊലീസ് പടിഞ്ഞാറേക്കരയിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. 

തിരൂർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അനിൽകുമാർ ടി. മേപ്പിള്ളിയുടെ നിർദേശപ്രകാരം എസ്.ഐ സുജിത് എൻ.ആർ, എസ്.ഐ നസീർ ടി, എസ്.സി.പി.ഒമാരായ മനോജ്, മൻസൂർ, സി.പി.ഒമാരായ ആശിഷ്, പ്രിന്റോ, ദിൽജിത്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ സുലൈമാനെ തിരൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ റിമാൻഡ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 953