22 July, 2026 08:25:12 PM


സിൽവർസ്റ്റോം ഐ.പി.ഒ. ജൂലായ് 24 മുതൽ; 82.43 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യം

-പി എം മുകുന്ദന്‍




തൃശ്ശൂർ: പ്രമുഖ വിനോദസഞ്ചാര വാട്ടർ തീം പാർക്ക് ശൃംഖലയായ സിൽവർസ്റ്റോം പാർക്സ‌് ആൻഡ് റിസോർട്‌സ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വിൽപന (ഐ.പി.ഒ.) ജൂലായ് 24ന് ആരംഭിക്കും. 824 കോടി രൂപ വരെ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മൊത്തം 61.98 ലക്ഷം പുതിയ ഓഹരികളാണ് ഐ.പി.ഒ. വഴി വിറ്റഴിക്കുക.


10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 123 -133 രൂപ നിലവാരത്തിലാണ് വിൽപനയ്ക്ക് വയ്ക്കുന്നത്. ഓഹരി വിൽപന ജൂലായ് 28-ന് അവസാനിക്കും. ഓഹരികൾ ബോംബെ സ്റ്റോക്ക് എക്സ‌്‌ചേഞ്ചിന്റെ (ബി.എസ്.ഇ.) എസ്.എം.ഇ. പ്ലാറ്റ്ഫോമിൽ ലിസ്റ്റ് ചെയ്യും. ജൂലായ് 31-നാണ് ലിസ്റ്റിങ്.


ആങ്കർ നിക്ഷേപകർക്കായുള്ള ബിഡ്ഡിങ് ജൂലായ് 23-നാണ്. ഐ.പി.ഒ.യിലൂടെ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന മൊത്തം ഓഹരികളിൽ 17.61 ലക്ഷം ഓഹരികൾ വരെയാണ് ഇവർക്കായി വകയിരുത്തിയിരിക്കുന്നത്. ആങ്കർ ഒഴികെയുള്ള നിക്ഷേപക സ്ഥാപനങ്ങൾക്കായി 11.76 ലക്ഷം ഓഹരികൾ നീക്കിവെച്ചിട്ടുണ്ട്.നോൺ ഇൻസ്ട‌ിട്യൂഷണൽ നിക്ഷേപകർക്കായി 8.88 ലക്ഷം ഓഹരികളും വ്യക്തിഗത റീട്ടെയിൽ നിക്ഷേപകർക്കായി കുറഞ്ഞത് 20.62 ലക്ഷം ഓഹരികളുമാണ് ലഭിക്കുക. ഏറ്റവും കുറഞ്ഞ ലോട്ട് സൈസ് 2,000 ഓഹരികളാണ്. തുടർന്ന് 1,000 ഓഹരികളുടെ ഗുണിതങ്ങളായി അപേക്ഷിക്കാം.


ഐ.പി.ഒ.യിലൂടെ സമാഹരിക്കുന്ന തുക ലഖ്‌നൗവിലെ സ്നോ പാർക്ക്, ഫാമിലി എന്റർടെയ്ൻമന്റ് സെന്റർ എന്നിവയുടെ നിർമാണത്തിനും അതിരപ്പിള്ളിയിലുള്ള തീം പാർക്കിന്റെ വികസനത്തിനുമാണ്ട് പ്രധാനമായും വിനിയോഗിക്കുയെന്ന് കമ്പനിയുടെ സാരഥികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഒപ്പം, പൊതുവായ കോർപ്പറേറ്റ് ആവശ്യങ്ങൾക്കും തുക വിനിയോഗിക്കും. വിവ്റോ ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡാണ് ഐ.പി.ഒ.യുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർ.


രണ്ടര പതിറ്റാണ്ടിന്റെ കരുത്ത്


അതിരപ്പിള്ളിയിൽ ആരംഭിച്ച സിൽവർ സ്റ്റോം രണ്ടര പതിറ്റാണ്ട് പിന്നിട്ടപ്പോൾ മികച്ച വിനോദസഞ്ചാര ഡെസ്റ്റിനേഷനായി ജാംഷഡ്‌പൂരിലും സാന്നിധ്യം വ്യാപിപ്പിച്ചിട്ടുണ്ടെന്നും സിൽവർസ്റ്റോം പാർക്‌സ് ആൻഡ് റിസോർട്‌സിന്റെ മനേജിങ് ഡയറക്‌ടർ എ.ഐ.ഷാലിമാർ പറഞ്ഞു. ബിസിനസ് വിപുലീകരിക്കാനും പുതിയ ആകർഷണങ്ങൾ കൂട്ടിച്ചേർക്കാനും ഐ.പി.ഒ. വഴി സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപമുള്ള ടൂറിസം കേന്ദ്രം ആഭ്യന്തര വിനോദസഞ്ചാരികളുടെയും, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയുംകോർപ്പറേറ്റ് ഗ്രൂപ്പുകളുടെയും, കുടുംബ സഞ്ചാരികളുടെയും ഇഷ്ട ഡെസ്റ്റിനേഷനായി മാറിയിട്ടുണ്ട്. അമ്യൂസ്മെന്റ് - വാട്ടർ പാർക്ക്, ഇൻഡോർ സ്നോ പാർക്ക്, റിസോർട്ട്, ഭക്ഷണശാലകൾ എന്നിവയോടൊപ്പം കേബിൾ കാർ, ഫോറസ്റ്റ് വില്ലേജ് എന്നിവയും ഈ ഓണത്തോടുകൂടി സന്ദർശകർക്ക് തുറന്നുകൊടുക്കും. ഇത്രയും വിനോദ സവിശേഷതകൾ ഒരു ഡെസ്റ്റിനേഷനിൽ ലഭ്യമാകുന്നത് ഇന്ത്യയിലാദ്യമായിട്ടാണ്. 2025 ഒക്ടോബറിലാണ് ജാംഷഡ്‌പൂരിൽ ഇൻഡോർ സ്നോ പാർക്ക് കമ്പനി ആരംഭിച്ചത്. ലഖ്നൗവിൽ പുതിയ സ്നോ പാർക്കും വിനോദകേന്ദ്രവും ആരംഭിക്കാനും പദ്ധതിയുണ്ട്.


2025-26 സാമ്പത്തിക വർഷം കമ്പനിയുടെ മൊത്തം വരുമാനം 44.85 കോടി രൂപയും അറ്റാദായം 19.10 കോടി രൂപയുമാണ്. തൊട്ടു മുൻവർഷം ഇത് യഥാക്രമം 31.64 കോടിയും 9.71 കോടി രൂപയുമായിരുന്നു. മാനേജിങ് ഡയറക്ടർ ഷാലിമാർ എ. ഐ, ചെയർമാൻ  അബ്ദുൽ ജലീൽ, പ്രൊമോട്ടർ സിറാജ് വി. എ., സ്വതന്ത്ര ഡയറക്‌ടർ കെ. അരവിന്ദാക്ഷൻ, സി. എഫ്. ഒ കെ. രാമചന്ദ്രൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 943