23 April, 2026 10:11:41 PM
ലാഭമല്ല പ്രധാനം: സഹജീവികളോടുള്ള കരുതല്‍; പി&ജെ ട്രേഡിംഗ് കമ്പനിയുടെ ഉദ്ഘാടനം വ്യത്യസ്തമാകും

ഏറ്റുമാനൂര്‍: ജീവകാരുണ്യ പ്രവർത്തനത്തിൽ എന്നും മുൻപന്തിയിൽ നില്‍ക്കുന്ന ഫിലിപ് ജോസഫ് മണിയാലിൽ ഏഴരപൊന്നാനകളുടെ നാട്ടില്‍ ആരംഭിക്കുന്ന പുതിയ സംരംഭത്തിന്‍റെ ഉദ്ഘാടനം തന്നെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കികൊണ്ട്. ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ 'പി & ജെ ട്രേഡിംഗ് ആൻഡ് കോൺട്രാക്റ്റിംഗ് കമ്പനി' എന്ന പേരില്‍ നവീകരിച്ച സ്ഥാപനത്തിന്‍റെ ഉദ്ഘാടനവേളയില്‍, നഗരസഭാ പരിധിയിലുള്ള സര്‍ക്കാര്‍, എയ്ഡഡ്, എൽ പി സ്കൂളുകളിലെ നിർധനരായ വിദ്യാർഥികൾക്ക് സ്കൂൾ ബാഗും പുസ്തകങ്ങളും നൽകികൊണ്ട് ഫിലിപ്പ് ജോസഫ് വീണ്ടും മാതൃകയാകുകയാണ്.
ബിസിനസ് ലാഭം കൊയ്യാന്‍ മാത്രമല്ല, സമൂഹത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന തങ്ങളുടെ സഹജീവികള്‍ക്ക് കരുതല്‍ നല്‍കുന്നതിന് കൂടിയാവണം എന്ന സന്ദേശമാണ് ഇതിലൂടെ ഫിലിപ്പ് നാടിനു സമര്‍പ്പിക്കുന്നത്. നാല് പതിറ്റാണ്ടായുള്ള പ്രവാസജീവിതത്തിനു ശേഷമാണ് ഫിലിപ്പ് നാട്ടില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്. "ജീവതമാണ് എന്‍റെ സന്ദേശം" എന്ന ഗാന്ധിജിയുടെ വാക്കുകള്‍ ഉള്‍കൊണ്ടുകൊണ്ടാണ് 'ജീവിതത്തില്‍ സമൂഹത്തിനായി എന്തെങ്കിലും അടയാളപ്പെടുത്തണം' എന്ന രീതിയില്‍ താന്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഫിലിപ്പ് പറയുന്നു.
കുറുമള്ളൂരില്‍ ഒരു വിധവയ്ക്ക് ഭവനം നിര്‍മ്മിച്ചു നല്‍കിയതും ഏറ്റുമാനൂര്‍ സ്വദേശിക്ക് 5 സെന്‍റ് സ്ഥലം ദാനം നല്‍കിയതും ഒട്ടേറെ പേരുടെ നവീകരണത്തിന് സഹായം നല്‍കിയതും ഉള്‍പ്പെടെ ഫിലിപ്പ് തന്‍റെ കരുതലിന്‍റെ കരങ്ങള്‍ ഇതിനോടകം അനവധിയാളുകളിലേക്ക് എത്തിച്ചുകഴിഞ്ഞു. വിദേശത്തായിരുന്നപ്പോള്‍ അനവധി പേര്‍ക്ക് ലാഭേശ്ചയില്ലാതെ തൊഴില്‍ നല്‍കി ജീവിതസാഹചര്യം ഒരുക്കുന്നതിലും ഫിലിപ്പ് മുന്‍കൈ എടുത്തിരുന്നു. ഭൂമിയിലേക്ക് നാം ഒന്നുമായല്ല എത്തിയതെന്നും തിരികെ പോകുമ്പോള്‍ നാം ഒന്നും കൊണ്ടുപോകുന്നുമില്ലെന്നും ഇതിനിടയിലുള്ള നമ്മുടെ ചെറിയ ജീവിതം മറ്റുള്ളവരെ സഹായിക്കാനും നന്മ ചെയ്യാനുമായി വിനിയോഗിക്കണമെന്നും അദ്ദേഹം പറയുന്നു.

തിരഞ്ഞെടുപ്പ് ഫലത്തിനായി ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുന്ന വേളയില്‍ രാഷ്ട്രീയവ്യത്യാസമില്ലാതെ സ്ഥാനാര്‍ഥികളെ ഒരേ വേദയില്‍ എത്തിച്ചാണ് തന്‍റെ സ്ഥാപനത്തിന്‍റെ ഉദ്ഘാടനത്തിന് ഫിലിപ്പ് വേദിയൊരുക്കുന്നത്. മന്ത്രി വി.എന്‍.വാസവനും ചലച്ചിത്രനിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും നടി വിന്‍സി അലോഷ്യസും ചേര്‍ന്ന് 27ന് രാവിലെ 10 മണിക്ക് ഉദ്ഘാടനം നിര്‍വഹിക്കും. സെന്‍റ് ജോർജ് പള്ളി വികാരി ലൂക്ക് കരിമ്പിൽ വെഞ്ചരിപ്പ് കർമം നിർവഹിക്കും. ഫ്രാന്‍സിസ് ജോര്‍ജ് എം.പി., എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ്, നവജീവൻ നവജീവൻ ട്രസ്റ്റ് ഡയറക്ടർ പി യു തോമസ്, ഏറ്റുമാനൂരിലെ യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥിമാരായ നാട്ടകം സുരേഷ്, ആതിര ഡി നായര്‍, ഏറ്റുമാനൂര്‍ നഗരസഭാ പിതാവ് ടോമി പുളിമാന്‍തുണ്ടം, താരങ്ങളായ ജോസുകുട്ടി ജേക്കബ്, സ്റ്റീവ് സ്റ്റീഫന്‍, ജനകീയവികസനസമിതി പ്രസിഡന്‍റ് ബി.രാജീവ് എന്നിവര്‍ പങ്കെടുക്കും.
ഏറ്റുമാനൂരില്‍ ഹാർഡ്‌വെയര്‍ വിപണനരംഗത്ത് 1967ൽ വെട്ടൂര്‍ പെയിന്‍റ്സ് എന്ന പേരില്‍ ആരംഭിച്ച സ്ഥാപനമാണ് പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട് പി & ജെ ട്രേഡിംഗ് ആൻഡ് കോൺട്രാക്റ്റിംഗ് എന്ന പേരില്‍ പുതുക്കിയ ഊർജവും വിശാലമായ സേവനങ്ങളുമായി രംഗപ്രവേശം ചെയ്തിരിക്കുന്നതെന്ന് സ്ഥാപനമുടമ ഫിലിപ്പ് ജോസഫ് പറയുന്നു. ഉൽപന്നങ്ങൾ വിൽക്കാൻ മാത്രമല്ല, ഉപഭോക്താക്കളെ ശരിയായ ദിശയില്‍ നയിക്കാനും അവരുടെ പ്രോജക്റ്റുകളെ പിന്തുണയ്ക്കാനും, കൃത്യസമയത്തെ ഇടപെടലുകളിലൂടെ നിര്‍മാണരംഗത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും തങ്ങള്‍ കൂടെയുണ്ടാവുമെന്ന് പി ആന്‍റ് ജെയുടെ സാരഥികകളായ ഫിലിപ്പും പത്നി സിജി ഫിലിപ്പും പറയുന്നു. സ്ഥാപനത്തിന്‍റെ പുതിയ ശാഖ കുറുമുള്ളൂരിലും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.





