08 July, 2026 05:28:59 PM
കള്ളാടി മണ്ണിടിച്ചിൽ; മരിച്ച 3 പേരുടെ എംബാമിങ് നടപടികൾ പൂർത്തിയാക്കി

വയനാട്: കള്ളാടി മണ്ണിടിച്ചിലിൽ മരിച്ച മൂന്ന് അന്യസംസ്ഥാന തൊഴിലാളികളുടെയും എംബാമിങ് നടപടികൾ കോഴിക്കോട് മെഡിക്കൽ കോളജിൽ പൂർത്തിയാക്കി. മരിച്ച ജാർഖണ്ഡ് സ്വദേശി അൻമോൽ, ബീഹാർ സ്വദേശി ബികാഷ് കുമാർ, മധ്യപ്രദേശ് സ്വദേശി ചന്ദ്ര ബാൻ എന്നിവരുടെ മൃതദേഹങ്ങളുടെ എംബാമിങ് നടപടികൾ പൂർത്തിയാക്കി നെടുമ്പാശ്ശേരിയിലേക്ക് അയച്ചു. മൃതദേഹങ്ങൾ വിമാനമാർഗം ഇവരുടെ ജന്മനാട്ടിലേക്ക് കൊണ്ടുപോകും.
ദുരന്തത്തിൽ കാണാതായ 5 പേർക്കായി തിരച്ചിൽ തുടരുകയാണ്. കനത്ത മഴയും മൂടൽമഞ്ഞും ദൗത്യത്തിന് വെല്ലുവിളിയാണ്. ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ നില ഗുരുതരമാണ്. മന്ത്രിമാരായ ടി സിദ്ദിഖും എ പി അനിൽകുമാറും സ്ഥലത്ത് തുടരുകയാണ്. മുഖ്യമന്ത്രി വി ഡി സതീശൻ ഉടൻ അപകടസ്ഥലം സന്ദർശിക്കും. പ്രദേശത്തെ മണ്ണ് പൂർണമായി മാറ്റാൻ ഏകദേശം മൂന്ന് ദിവസം എടുക്കുമെന്ന് ഫയർഫോഴ്സ് അറിയിച്ചു. നിലവിൽ സമീപ പ്രദേശത്തെ തോടുകളിൽ ഉൾപ്പടെ കാണാതായവർക്കായി തിരിച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടത്താൻ ആയില്ല. കാണാതായവർ മണ്ണനടിയിൽ തന്നെയെന്ന നിഗമനത്തിലാണ് എൻടിആർഎഫും ഫയർ ഫോഴ്സുo.



