07 May, 2026 01:38:34 PM


കെ.സി. മുഖ്യമന്ത്രിയായാല്‍ ഉപതെരഞ്ഞെടുപ്പില്‍ പരാജയമായിരിക്കും ഫലം; കോണ്‍ഗ്രസ് അണികളുടെ മുന്നറിയിപ്പ്



ആലപ്പുഴ: മുഖ്യമന്ത്രിപദത്തിനായുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെ കെ.സി.വേണുഗോപാലിനെതിരെ കോണ്‍ഗ്രസ് അണികളില്‍നിന്ന് തന്നെ പടയൊരുക്കം. പ്രതിപക്ഷനേതാവായിരിക്കെ വി ഡി സതീശന്‍ നടത്തിയ ഇടപെടലുകളാണ് തകര്‍ന്നു തരിപ്പണമായ യുഡിഎഫിനെ വീണ്ടും ഭരണത്തിലെത്തിച്ചതെന്ന നിലപാടിലാണ് പ്രവര്‍ത്തകരില്‍ ഭുരിപക്ഷവും. അതുകൊണ്ടുതന്നെ സതീശനെ വെട്ടി കെ.സി.വേണുഗോപാല്‍ മുഖ്യമന്ത്രിയായാല്‍ അടുത്ത ഉപതെരഞ്ഞെടുപ്പില്‍ പരജയമായിരിക്കും ഫലമെന്ന മുന്നറിയിപ്പാണ് കോണ്‍ഗ്രസ് അണികളില്‍നിന്ന് ഉയരുന്നത്. പ്രത്യേകിച്ച് കെസിയുടെ തട്ടകമായ ആലപ്പുഴയില്‍നിന്ന്.

വി.ഡി.സതീശനെയും രമേശ് ചെന്നിത്തലയെയും കെ സി വേണുഗോപാലിനെയും അനുകൂലിച്ചും വിമര്‍ശിച്ചും ഫ്ലക്സുകളും പ്രവർത്തന മികവുകളുടെ അടിസ്ഥാനത്തില്‍ ചര്‍ച്ചകളും വെല്ലുവിളികളും ഉയരുന്നതിനിടെ സമൂഹമാധ്യമങ്ങളില്‍ ഇത്തരമൊരു ഭീഷണി ഉയരുന്നത്. നിലവില്‍ കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് വേണുഗോപാല്‍ പക്ഷം അവകാശപ്പെടുന്നത്. ഈ എംഎല്‍എമാരെ വിജയിപ്പിച്ചതിന് അഹോരാത്രം പ്രയത്നിച്ചതും വോട്ട് ചെയ്തതും കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരുമാണ്. വേണുഗോപാല്‍ മുഖ്യമന്ത്രിയാകുന്നതിലൂടെ സംസ്ഥാനത്തിന് വന്‍ സാമ്പത്തികബാധ്യതയാണ് വരുത്തിവെക്കുന്നത്. ഒരു ഉപതെരഞ്ഞെടുപ്പിനെ കേരളം നേരിടേണ്ടി വരും. 

നിലവില്‍ നിയമസഭാ തിരഞ്ഞെടുപ്പിലൂടെ ജയിച്ചു നില്‍ക്കുന്നവരാണ് വി ഡി സതീശനും രമേശ് ചെന്നിത്തലയും. ഇവരെ വെട്ടിനിരത്തി എം പി യായ കെസി മുഖ്യമന്ത്രിയാകരുതെന്നാണ് അണികള്‍ പറയുന്നത്. കെ സി മുഖ്യമന്ത്രി ആയാല്‍ ആറു മാസം കഴിയുമ്പോള്‍ ഏതേലും മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വരും. കോടികള്‍ മുടക്കി ജയം കണ്ട ഒരു എംഎല്‍എ രാജി വെച്ചുവേണം വേണുഗോപാലിന് ജനവിധി തേടാന്‍. ഉപതിരഞ്ഞെടുപ്പിനായി വീണ്ടും സര്‍ക്കാരിന്‍റെയും വിവിധ പാര്‍ട്ടികളുടെയുമായി ലക്ഷങ്ങള്‍ ചിലവാകും. 

ആലപ്പുഴ ഡി സി സി ഓഫീസിന് സമീപം കെ സി വേണുഗോപാലിനെതിരെ ഫ്ലക്സ് ഉയര്‍ന്നു.  ആലപ്പുഴയിൽ ഉപതിരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഫ്ലക്സ്. കോൺഗ്രസ് സഹയാത്രികർ എന്ന പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്. അതേസമയം മുഖ്യമന്ത്രി പദത്തിനായി ബോർഡുകൾ സ്ഥാപിക്കുന്നതോ ബാനറുകൾ ഉയർത്തുന്നതോ ആയ പ്രചാരണ രീതികൾ കോൺഗ്രസിന്‍റെ രീതിയല്ലെന്ന് വേണുഗോപാല്‍ വ്യക്തമാക്കി. ഇത്തരം പ്രവർത്തനങ്ങൾ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ഒരു ഘടകമാകില്ലെന്നും തനിക്കുവേണ്ടി ഫ്ലക്സുകൾ ഉയർത്താൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 917