06 June, 2026 04:33:06 PM
റെയിൽവേ ഗേറ്റിൽ വാഹനമിടിച്ച കേസ് ; ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

പാലക്കാട്: റെയിൽവേ ഗേറ്റിൽ വാഹനമിടിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി. ആലത്തൂർ ജോയിന്റ് ആർടിഒയുടേതാണ് നടപടി. വാഹനം ഓടിച്ചിരുന്ന തിരുവല്വാമല സ്വദേശിയായ ഷാഹുൽ ഹമീദിന്റെ ലൈസൻസാണ് റദ്ദാക്കിയത്. കഴിഞ്ഞ വർഷം ജൂൺ 25-നായിരുന്നു അപകടം നടന്നത്. ലക്കിടി റെയിൽവേ ഗേറ്റിന് സമീപത്തായിരുന്നു അപകടം. ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് മുമ്പ് മുന്നോടിയായി വിശദീകരണം തേടിയിരുന്നു. റെയിൽവേ ഗേറ്റ് അടച്ചുതുടങ്ങുമ്പോൾ വാഹനം ഓടിച്ചുകയറ്റി ഗേറ്റ് തകരാറിലാകുന്ന സംഭവങ്ങൾ പതിവാണ്. ഇത് വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി സ്വീകരിക്കുന്നത്. നടപടി തുടരാനാണ് അധികൃതരുടെ തീരുമാനം.
ഗേറ്റുകൾ അടയ്ക്കുന്നതിനിടെ വാഹനങ്ങളുമായി നിയമവിരുദ്ധമായി കടന്നു പോകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പാലക്കാട് റെയിൽവേ ഡിവിഷൻ നേരത്തെ രംഗത്തെത്തിയിരുന്നു. ഗേറ്റ് തകരുന്നത് സിഗ്നൽ സംവിധാനം തകരാറിലാകാനും കാരണമാകുന്നു. ഇത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് പിഴ നൽകുന്നതോടൊപ്പം ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ തീരുമാനിച്ചിരിക്കുന്നത്.



