02 June, 2026 01:10:34 PM


ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസ്; കോണ്‍ഗ്രസ് കൗൺസിലർ പ്രശോഭിനെ കസ്റ്റഡിയിൽ വിട്ടു



പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ പീഡിപ്പിച്ച കേസില്‍ പാലക്കാട് നഗരസഭ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് വത്സനെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ട് ദിവസത്തേക്കാണ് പ്രശോഭിനെ മണ്ണാര്‍ക്കാട് എസ്‌സി-എസ്ടി കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.

പ്രശോഭുമായി അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പ് നടത്തും. പ്രശോഭിന്റെ വീട്, പീഡനം നടന്ന സ്ഥലങ്ങളിലുള്‍പ്പടെ തെളിവെടുപ്പ് നടത്താനാണ് നീക്കം. ഹൈക്കോടതി ജാമ്യം തള്ളിയതിന് പിന്നാലെയായിരുന്നു പ്രശോഭ് വത്സന്‍ പൊലീസില്‍ കീഴടങ്ങിയത്. ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.

ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം സൗഹൃദം നടിച്ച് താമസസ്ഥലത്തേക്ക് അതിക്രമിച്ചു കയറി പ്രശോഭ് ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു മുഖ്യമന്ത്രിക്ക് അതിജീവിത നല്‍കിയ പരാതി. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം പാലക്കാട് ടൗണ്‍ സൗത്ത് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസെടുത്തതിന് പിന്നാലെ പ്രശോഭ് വത്സന്‍ ഒളിവില്‍ പോവുകയായിരുന്നു. മാസങ്ങളോളം പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും ഇയാളെ പിടികൂടാനായിരുന്നില്ല. തുടര്‍ന്നാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിക്കുന്നതും പ്രശോഭ് വത്സന്‍ കീഴടങ്ങുന്നതും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 300