16 October, 2026 10:39:24 AM
നെടുമ്പാശ്ശേരി അപകടം: സുഹൈലിന്റെ ശരീരത്തില് അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം

കൊച്ചി: നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാറിടിച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. പ്രതി സുഹൈൽ സജീവിന്റെ ശരീരത്തിൽ അനുവദനീയമായതിലും ഉയർന്ന അളവിൽ മദ്യം അടങ്ങിയിരുന്നതായി സാമ്പിൾ പരിശോധന ഫലം പുറത്തുവന്നു. വ്യാഴാഴ്ച രാത്രി പുറത്തുവന്ന റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നതാണെന്ന് പൊലീസ് വ്യക്തമാക്കി. രക്തത്തിൽ 30 മില്ലിഗ്രാമിൽ താഴെ മദ്യമാണ് നിയമപരമായി അനുവദനീയമെങ്കിൽ, ഇതിന്റെ അഞ്ചിരട്ടിയിലധികം മദ്യം സുഹൈൽ കഴിച്ചിരുന്നുവെന്നാണ് റിപ്പോർട്ടിലുള്ളത്.
നെടുമ്പാശേരിയിലെ ബാറില് മാത്രം പ്രതികള് ചെലവിട്ടത് 4396 രൂപയാണെന്നും റിപ്പോര്ട്ടുണ്ട്. ഉച്ചയ്ക്ക് 12.30 മുതല് പിറ്റേന്ന് വെളുപ്പിന് ഒന്നര വരെ സുഹൈല് മൂന്നു ബാറുകളില് നിന്നായി മദ്യപിച്ചിരുന്ന കാര്യം എക്സൈസ് കണ്ടെത്തിയിരുന്നു. സുഹൈലും കൂട്ടുപ്രതികളും രാസലഹരി ഉപയോഗിച്ചിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിന്റെ പരിശോധനാഫലം ലഭിക്കാന് താമസമെടുക്കുമെന്ന് പൊലീസ് സൂചിപ്പിച്ചു.
അതേസമയം, പ്രതിയുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് 11 മണിയോടെ പരിഗണിക്കും. സുഹൈലിന്റെ ജാമ്യത്തെ കോടതിയിൽ ശക്തമായി എതിർക്കാനാണ് പൊലീസിന്റെ തീരുമാനം. രാസലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാനുള്ള പരിശോധന ഫലം ഇനിയും വരാനുണ്ട്.


