25 May, 2026 06:31:18 PM


ഷുഹൈബ് വധക്കേസ്: 17 പ്രതികളുടെയും ജാമ്യം കോടതി റദ്ദാക്കി



കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദ് ചെയ്തു. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് അസാധാരണ നടപടി. ആകാശ് തില്ലങ്കേരി ഉള്‍പ്പെടെയുള്ളവരുടെ ജാമ്യമാണ് കോടതി റദ്ദ് ചെയ്തത്. പ്രതികളെ റിമാന്‍ഡ് ചെയ്യാനും കോടതി നിര്‍ദേശിച്ചു. പ്രതികള്‍ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കിയത്.

കഴിഞ്ഞയാഴ്ചയാണ് ഷുഹൈബ് കേസില്‍ വിചാരണ ആരംഭിച്ചത്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികളെ കോടതിയില്‍ സാക്ഷി തിരിച്ചറിഞ്ഞിരുന്നു. കൊലപാതക സമയത്ത് ഷുഹൈബിനൊപ്പമുണ്ടായിരുന്ന ആക്രമണത്തില്‍ പരിക്കേറ്റ ഇ റിയാസിനെയാണ് കോടതി വിസ്തരിച്ചത്. ആയുധങ്ങളുമായെത്തിയ സംഘം ഷുഹൈബിനെ തുരുതുരാ വെട്ടിവീഴ്ത്തുകയായിരുന്നു എന്നായിരുന്നു റിയാസിന്റെ മൊഴി. ജൂണ്‍ 14 വരെ വിസ്താരം തുടരും.

2018 ഫെബ്രുവരി 18ന് രാത്രി പത്തരയോടെയാണ് കേസിനാസ്പദമായ സംഭവം. ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ സിപിഐഎം പ്രവര്‍ത്തകരും അനുഭാവികളുമായ 11 പേരാണ് കേസിലെ ആദ്യ കുറ്റപത്രത്തിലുണ്ടായിരുന്നത്. പിന്നീട് തുടരന്വേഷണം നടത്തി ആറ് പ്രതികളെ കൂടി ഉള്‍പ്പെടുത്തി അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 919