08 May, 2026 02:28:33 PM
കിണറ്റിൽ വീണ പന്തെടുക്കുന്നതിനിടെ അപകടം; കണ്ണൂരിൽ 14കാരൻ മരിച്ചു

കണ്ണൂർ: കളിക്കുന്നതിനിടെ കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥി കിണറ്റിൽ വീണ് മരിച്ചു. കാട്ടാമ്പള്ളി സ്വദേശി മുഹമ്മദ് (14) ആണ് മരിച്ചത്. കൊയ്യം മർക്കസിൽ താമസിച്ച് പഠിച്ചുവരികയായിരുന്നു മുഹമ്മദ്.
വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. കൊയ്യം മർക്കസ് പരിസരത്ത് സുഹൃത്തുക്കൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു മുഹമ്മദ്. ഇതിനിടെ പന്ത് സമീപത്തെ കിണറ്റിൽ വീണു. പന്തെടുക്കാനായി ശ്രമിക്കുന്നതിനിടെ മുഹമ്മദ് അബദ്ധത്തിൽ കിണറ്റിലേക്ക് വീഴുകയായിരുന്നു.
കുട്ടി കിണറ്റിൽ വീണ ഉടൻ തന്നെ കൂടെയുണ്ടായിരുന്നവർ അധ്യാപകരെയും നാട്ടുകാരെയും വിവരമറിയിച്ചു. നാട്ടുകാർ ചേർന്ന് മുഹമ്മദിനെ പുറത്തെടുത്ത് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.



